സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധി വിവാദമാകുന്നതിനിടെ സർക്കാർ വെയർഹൗസുകളിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. 16 വെയർഹൗസുകളിലായി ഉപയോഗിക്കാൻ കഴിയുന്നതും കാലാവധി കഴിഞ്ഞതുമായ ഏകദേശം 120 കോടി രൂപയുടെ മരുന്നുകൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
2021 ഏപ്രിൽ ഒന്ന് മുതൽ 2026 ജൂലൈ 31 വരെയുള്ള കാലയളവിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ കണ്ടംനേഷൻ ചെയ്ത് ശാസ്ത്രീയമായി നീക്കം ചെയ്തിട്ടില്ലെന്നാണ് വിവരങ്ങൾ. കാലാവധി കഴിഞ്ഞ മരുന്നുകളുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.
പുതിയതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ഒരേ സ്ഥലത്ത് സൂക്ഷിക്കുന്നതും ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡ് കാലത്ത് വാങ്ങിക്കൂട്ടിയ സുരക്ഷാ കിറ്റുകളിൽ പലതിന്റെയും കാലാവധി ഇതിനകം കഴിഞ്ഞിട്ടുണ്ട്. ഇവ നിലവിൽ രോഗികൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
2021ന് ശേഷം കാലാവധി കഴിഞ്ഞ മരുന്നുകളും മറ്റ് സാമഗ്രികളും വെയർഹൗസുകളിൽ നിന്ന് ശാസ്ത്രീയമായി നീക്കം ചെയ്യാനോ നശിപ്പിക്കാനോ ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.
അതേസമയം, വെയർഹൗസുകളിൽ വൻതോതിൽ മരുന്നുകൾ കെട്ടിക്കിടക്കുമ്പോഴും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ഇത് രോഗികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
വെയർഹൗസുകളിൽ കെട്ടിക്കിടക്കുന്ന കാലാവധി കഴിഞ്ഞ മരുന്നുകൾ വരും ദിവസങ്ങളിൽ ശാസ്ത്രീയമായി നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
