തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ പാലിയോട് ജങ്ഷനിലുള്ള കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട് നശിപ്പിക്കാൻ ശ്രമം. കയ്യിൽ കരുതിയിരുന്ന ദ്രാവകം ഫ്ലക്സ് ബോർഡിൽ ഒഴിച്ചശേഷം തീകൊളുത്തിയതായാണ് വിവരം. സംഭവത്തിൽ ഓടിട്ട പഴയ കെട്ടിടത്തിന്റെ ഭാഗങ്ങളും ഫ്ലക്സ് ബോർഡും കത്തിനശിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ചിത്രങ്ങളുള്ള ഫ്ലക്സ് പൂർണമായും കത്തിനശിച്ചു. നാട്ടുകാർ സമയോചിതമായി ഇടപെട്ട് തീയണച്ചതിനാൽ സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് ഒഴിവായി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് ബിജെപി–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും അതിന്റെ തുടർച്ചയായാകാം ആക്രമണമെന്നുമാണ് പ്രാഥമിക വിലയിരുത്തൽ.
അതേസമയം, കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ നേതാക്കൾ അപലപിച്ചു. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ അക്രമരാഷ്ട്രീയം അനുവദിക്കില്ലെന്ന് കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ് പ്രതികരിച്ചു. പ്രവർത്തകരെ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും ഇത്തരം നീക്കങ്ങൾക്ക് കോൺഗ്രസ് വഴങ്ങിനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ഡിസിസി ഓഫീസ് സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
