സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല പ്രതിസന്ധിയിൽ; സർക്കാരിനെ വിമർശിച്ച് കെ.കെ. ശൈലജ

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ലെന്നും അവർ ആരോപിച്ചു.

പൊതുജനാരോഗ്യ മേഖലയിലെ നിലവാരവും മികവും നിലനിർത്താൻ തുടർച്ചയായ ഇടപെടലുകൾ അനിവാര്യമാണെന്ന് ശൈലജ പറഞ്ഞു. ആശുപത്രികളിലെ മരുന്ന് വിതരണവും സംഭരണവും കാര്യക്ഷമമാക്കുന്നതിനായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (കെഎംഎസ്‌സിഎൽ) നേതൃത്വത്തിൽ കഴിവുറ്റ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കെഎംഎസ്‌സിഎൽ ഡിപ്പോകളിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ ഇപ്പോഴും മാറ്റാതെ കിടക്കുന്നതായും ശൈലജ ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിലേക്ക് കോർപ്പറേറ്റുകളുടെ കടന്നുകയറ്റം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഒഴികഴിവുകൾ പറയാതെ അടിയന്തര ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ആരോഗ്യ മേഖല പ്രതിസന്ധിയിലാണെന്ന് പറയുന്നത് എളുപ്പമാണെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കാര്യക്ഷമമായ നടപടികളാണ് വേണ്ടതെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക