പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.
സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നുവെങ്കിലും അതനുസരിച്ച് നടപടി സ്വീകരിച്ചില്ലെന്നാണ് ഹർജിയിലെ ആരോപണം. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും അൻസിബ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെയാണ് നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു അൻസിബ സ്വകാര്യ അന്യായ ഹർജി നൽകിയത്.
ഈ പരാതിയിൽ നേരത്തെ മജിസ്ട്രേറ്റ് കോടതി ഹർജി തള്ളിയിരുന്നെങ്കിലും, അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച അൻസിബ അനുകൂല ഉത്തരവ് നേടിയിരുന്നു. തുടർന്ന് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി ഹർജി വീണ്ടും പരിഗണിച്ച് ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
ഇതിനുപിന്നാലെയാണ് ഹൈക്കോടതി ഉത്തരവ് പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാരോപിച്ച് അൻസിബ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്
