സിഗ്നലുകൾ ഇനി സ്വയം തീരുമാനിക്കും; ഡൽഹിയിൽ എഐ അധിഷ്ഠിത ട്രാഫിക് നിയന്ത്രണം

ഡൽഹിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ട്രാഫിക് നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ITMS) നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ഡൽഹി പൊലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിക്കായി 1,789.52 കോടി രൂപ ചെലവഴിക്കും.

ഡൽഹിയിലെ 42 പ്രധാന ട്രാഫിക് കോറിഡോറുകളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വാഹനത്തിരക്ക് തത്സമയം വിലയിരുത്തി സിഗ്നലുകളുടെ സമയം സ്വയം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ട്രാഫിക് സിഗ്നൽ സംവിധാനമാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. ഗതാഗതക്കുരുക്ക്, റോഡപകടങ്ങൾ, മറ്റ് തടസ്സങ്ങൾ എന്നിവ തത്സമയം കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്താനും സംവിധാനത്തിന് കഴിയും.

ട്രാഫിക് നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്ന സാങ്കേതിക സംവിധാനവും പദ്ധതിയുടെ ഭാഗമാണ്. ചുവപ്പ് സിഗ്നൽ ലംഘനം, അമിതവേഗം, തെറ്റായ ദിശയിൽ വാഹനമോടിക്കൽ, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, അനധികൃത പാർക്കിങ്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ ക്യാമറകളുടെയും എഐ സംവിധാനങ്ങളുടെയും സഹായത്തോടെ തിരിച്ചറിയും.

ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് മുൻഗണന നൽകി ഗതാഗതം നിയന്ത്രിക്കുന്ന സംവിധാനവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 1,092 അഡാപ്റ്റീവ് ട്രാഫിക് സിഗ്നൽ കേന്ദ്രങ്ങളും 1,029 നിയമലംഘന നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കും.

മൂന്ന് ഘട്ടങ്ങളിലായി 24 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് അഞ്ച് വർഷത്തേക്ക് പ്രവർത്തനവും പരിപാലനവും തുടരും. നിലവിൽ 71 ലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത വാഹനങ്ങളുള്ള ഡൽഹിയിൽ യാത്രാസമയം കുറയ്ക്കുക, ഗതാഗതക്കുരുക്ക് നിയന്ത്രിക്കുക, റോഡ് സുരക്ഷ മെച്ചപ്പെടുത്തുക, അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. യാത്രക്കാർക്ക് തത്സമയ ട്രാഫിക് വിവരങ്ങളും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക