ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ ചൈനയെ 1–0ന് തോൽപ്പിച്ചാണ് ഇന്ത്യ 44 വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കിയിൽ സ്വർണം സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ 16-ാം സ്വർണമാണിത്.
ഈ വിജയത്തോടെ 2028ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്ക് ഇന്ത്യ നേരിട്ട് യോഗ്യത നേടി. മത്സരത്തിന്റെ പത്താം മിനിറ്റിൽ ലാൽറെംസിയാമി നേടിയ ഗോളാണ് ഇന്ത്യയുടെ വിജയത്തിന് വഴിയൊരുക്കിയത്. ഉജ്ജ്വലമായ ടോമഹോക്ക് ഷോട്ടിലൂടെയായിരുന്നു ലാൽറെംസിയാമിയുടെ ഗോൾ.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ചൈന നടത്തിയ ആക്രമണങ്ങളെ ഇന്ത്യൻ പ്രതിരോധം ശക്തമായി ചെറുത്തു. നിർണായക ഘട്ടത്തിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.
1998ലും 2018ലും ഇന്ത്യ വനിതാ ഹോക്കിയിൽ ഫൈനലിലെത്തിയിരുന്നെങ്കിലും രണ്ട് തവണയും വെള്ളിമെഡലുമായി മടങ്ങുകയായിരുന്നു. ഇത്തവണ സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 2–0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരിലേക്ക് മുന്നേറിയത്. 44 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വർണം സ്വന്തമാക്കിയതോടെ ഇന്ത്യൻ വനിതാ ഹോക്കി ടീം ചരിത്രനേട്ടമാണ് കുറിച്ചത്.
