ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിന് പിന്നിലെ വ്യക്തി ഇസ്ലാമിക തീവ്രവാദത്തിന് വിധേയനായിരുന്നുവെന്നും വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഉൾപ്പെടുത്തി വിമാനം തകർക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സംഭവത്തിന്റെ ചിത്രം കൂടുതൽ വ്യക്തമാകുകയാണെന്നും 9/11ന് സമാനമായ ദുരന്തമാണ് ഒഴിവായതെന്നും നെതന്യാഹുവിനെ ഉദ്ധരിച്ച് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ വ്യക്തമാക്കി.
സംഭവത്തിന് പിന്നിൽ മറ്റാരുടെയെങ്കിലും നിർദേശമുണ്ടായിരുന്നോ എന്നതും അന്വേഷിച്ചുവരികയാണെന്ന് നെതന്യാഹു പറഞ്ഞു. ആക്രമണകാരിയെ ആരെങ്കിലും അയച്ചതാണെന്ന് കണ്ടെത്തിയാൽ ഉത്തരവാദിയായ വ്യക്തി വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, സംഭവത്തിനിടെ ധൈര്യവും പ്രൊഫഷണലിസവും പ്രകടിപ്പിച്ച ഇന്ത്യൻ ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ യുഎഇ പ്രസിഡന്റ് ഉപദേഷ്ടാവ് അൻവർ ഗർഗാഷ് പ്രശംസിച്ചു. അപകടകരമായ ഭീകരപ്രവർത്തനത്തെയും വലിയ ദുരന്തസാധ്യതയെയും നേരിട്ടപ്പോൾ പൈലറ്റ് ഉത്തരവാദിത്തത്തോടെയും ധൈര്യത്തോടെയും പ്രവർത്തിച്ചെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
സംഭവത്തെ കുറിച്ച് നേരത്തേ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതിന് പകരം തീവ്രവാദത്തിന്റെയും ഭീകരതയുടെയും സാധ്യതകൾ കണക്കിലെടുത്ത് ജാഗ്രതയോടെയുള്ള അന്വേഷണമാണ് ആവശ്യമെന്നും ഗർഗാഷ് പറഞ്ഞു.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങളും കാരണങ്ങളും മാത്രമല്ല, തീവ്രവാദ ബന്ധമോ മുൻകൂർ ആസൂത്രണമോ മറ്റേതെങ്കിലും നിർദേശമോ ഉണ്ടായിരുന്നോ എന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരും.
വിമാനം യുഎഇയിൽ രജിസ്റ്റർ ചെയ്തതും യുഎഇ പതാക വഹിക്കുന്നതുമായതിനാൽ, ബാധകമായ നിയമപ്രകാരം അന്വേഷണത്തിന് യുഎഇ ജുഡീഷ്യൽ അധികാരികൾക്ക് അധികാരപരിധിയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. വിമാനത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് അവ യുഎഇയുടെ ഭൂപ്രദേശത്തിന് പുറത്തായാലും യുഎഇ നിയമം ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു. അന്വേഷണവുമായി സഹകരിച്ച സൗദി അധികാരികൾക്ക് യുഎഇ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
