പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള സമാധാനത്തിനായുള്ള വിശ്വസനീയമായ ശബ്ദമായി ഉയർന്നുവന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി മോദി നടത്തുന്ന ശ്രമങ്ങളെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രശംസിച്ചതിനെ ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രതികരണം.
ആഗോള സമാധാനത്തിനായി മോദി നടത്തുന്ന നിരന്തര ശ്രമങ്ങളെ പുടിൻ അഭിനന്ദിച്ചത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തി ദിനത്തിലാണ് പുടിന്റെ പരാമർശം വന്നതെന്നും, ഗാന്ധിജി ലോകത്തിന് നൽകിയ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശത്തിന്റെ പ്രസക്തി ഇത് ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധങ്ങളും സംഘർഷങ്ങളും നിറഞ്ഞ കാലഘട്ടത്തിൽ പരിഹാരങ്ങൾ യുദ്ധക്കളത്തിലൂടെയല്ല, സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയുമാണ് കണ്ടെത്തേണ്ടതെന്ന സന്ദേശമാണ് പ്രധാനമന്ത്രി മോദി നിരന്തരം മുന്നോട്ടുവയ്ക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി മോദി പലതവണ വിഷയം ഉന്നയിച്ചതായും പുടിൻ പറഞ്ഞിരുന്നു. പരസ്പരം അംഗീകരിക്കാവുന്ന പരിഹാരത്തിനായി മോദിക്ക് ‘വളരെ നല്ല ആശയങ്ങൾ’ ഉണ്ടെന്നും റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു.
യുദ്ധത്തിന്റെയോ പ്രകൃതിദുരന്തത്തിന്റെയോ സാഹചര്യങ്ങളിൽ ഇന്ത്യ സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ പാരമ്പര്യത്തിന് ഇതിലൂടെ പുതിയ അംഗീകാരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ലോകം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന ഘട്ടങ്ങളിൽ ഇന്ത്യയുടെ നിലപാടിന് ഇന്ന് വലിയ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി മോദിയുടെ വാക്കുകൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയോടെ കേൾക്കുന്ന സാഹചര്യമാണുള്ളതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
