ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്; പാർലമെന്ററി കമ്മിറ്റി കൂടിക്കാഴ്ച സുപ്രീം കോടതി റദ്ദാക്കി

‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ വിഷയത്തിൽ 2024ലെ ഭരണഘടന (129-ാമത് ഭേദഗതി) ബിൽ പരിശോധിക്കുന്ന സംയുക്ത പാർലമെന്ററി കമ്മിറ്റിയുമായി ഒക്ടോബർ 6ന് നടത്താനിരുന്ന കൂടിക്കാഴ്ച സുപ്രീം കോടതി നിരസിച്ചു. ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും പങ്കെടുക്കേണ്ടിയിരുന്ന യോഗമാണ് സുപ്രീം കോടതി റദ്ദാക്കിയത്.

നിർദിഷ്ട ഭരണഘടനാ ഭേദഗതി ഭാവിയിൽ സുപ്രീം കോടതിയുടെ ജുഡീഷ്യൽ അവലോകനത്തിന് വിധേയമായേക്കാമെന്നതിനാൽ, വിഷയം ഭരണപരമായി ചർച്ച ചെയ്യുന്നത് ഉചിതമോ അഭികാമ്യമോ അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി പാർലമെന്ററി കമ്മിറ്റിക്ക് ഔദ്യോഗിക കത്തും നൽകി.

സെപ്റ്റംബർ 28ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ‘ആഭ്യന്തര പഠനയാത്ര’ എന്ന പേരിൽ ചീഫ് ജസ്റ്റിസുമായും മറ്റ് ജഡ്ജിമാരുമായും അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു. കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിലെ നിയമകാര്യ വകുപ്പ് വഴിയാണ് നിർദേശം സുപ്രീം കോടതിയിലെത്തിയത്. എന്നാൽ മുതിർന്ന ജഡ്ജിമാർ വിഷയം പരിഗണിച്ച് കൂടിക്കാഴ്ച വേണ്ടെന്ന് തീരുമാനിച്ചതായി സുപ്രീം കോടതി സെക്രട്ടറി ജനറലിന്റെ ഓഫീസ് നിയമകാര്യ വകുപ്പിനെ അറിയിച്ചു.

‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷൻ ബിജെപി എംപിയും മുൻ നിയമമന്ത്രിയുമായ പി.പി. ചൗധരിയാണ്. ബിൽ ചർച്ച ചെയ്യുന്നതിനായിരുന്നില്ല സന്ദർശനമെന്നും സുപ്രീം കോടതി പരിസരവും ലൈബ്രറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പരിചയപ്പെടുത്തുന്നതിനായാണ് യോഗം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, മുതിർന്ന അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ യോഗത്തിനെതിരെ എതിർപ്പ് അറിയിച്ചിരുന്നു. ഭരണഘടനാ സാധുത പരിശോധിക്കേണ്ടിവരാൻ സാധ്യതയുള്ള വിഷയത്തിൽ സിറ്റിംഗ് ജഡ്ജിമാരുമായി ഇത്തരമൊരു കൂടിക്കാഴ്ച നടത്തുന്നത് ഉചിതമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ‘ഭരണഘടന (129-ാമത് ഭേദഗതി) ബിൽ, 2024’, ‘കേന്ദ്രഭരണ പ്രദേശ നിയമങ്ങൾ (ഭേദഗതി) ബിൽ, 2024’ എന്നിവയാണ് കേന്ദ്രം അവതരിപ്പിച്ചത്. 2024 ഡിസംബറിൽ ബില്ലുകൾ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടു. ലോക്‌സഭാ സ്പീക്കർ ഓം ബിർള 39 അംഗ സമിതി രൂപീകരിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം മുൻ ചീഫ് ജസ്റ്റിസുമാരായ ജെ.എസ്. ഖേഹർ, രഞ്ജൻ ഗൊഗോയ്, ഡി.വൈ. ചന്ദ്രചൂഡ്, യു.യു. ലളിത് എന്നിവർ സമിതിക്ക് മുന്നിൽ ഹാജരായിരുന്നു. ഭരണഘടനാ ഭേദഗതികൾ നടപ്പാക്കിയാൽ ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള നിർദേശം ഭരണഘടനാപരമായി സാധ്യമാകുമെന്ന നിലപാട് അവർ സൂചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിർദിഷ്ട നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മീഷന് നൽകുന്ന വിപുലമായ അധികാരങ്ങളെക്കുറിച്ച് അവർ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക