സമാധാനപരമായ ആണവ പദ്ധതിക്ക് ഇറാന് അവകാശമുണ്ട്; യുഎന്നിൽ നിലപാട് വ്യക്തമാക്കി ചൈന

ആണവായുധ നിർവ്യാപന കരാറായ എൻപിടിയിലെ ആണവായുധേതര രാഷ്ട്ര കക്ഷിയെന്ന നിലയിൽ സമാധാനപരമായ ആണവോർജ ഉപയോഗത്തിന് ഇറാന് നിയമാനുസൃത അവകാശമുണ്ടെന്ന് ചൈന. യുഎന്നിലെ ചൈനയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി സൺ ലീ ആണ് നിലപാട് വ്യക്തമാക്കിയത്.

ആണവായുധങ്ങൾ വികസിപ്പിക്കാതിരിക്കാനുള്ള പ്രതിബദ്ധത ഇറാൻ പാലിക്കണമെന്നും അതേസമയം സമാധാനപരമായ ആണവോർജ ഉപയോഗത്തിനുള്ള അവകാശം മാനിക്കപ്പെടണമെന്നും സൺ ലീ പറഞ്ഞു. ഇറാന്റെ ആണവ പ്രശ്നത്തിന് സൈനിക നടപടികളിലൂടെയല്ല, നയതന്ത്ര ചർച്ചകളിലൂടെയാണ് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരായ യുഎൻ ഉപരോധ നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെട്ട പ്രമേയത്തിൽ ചൈനയും റഷ്യയും വീറ്റോ ചെയ്തതിനു പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചയായത്. ഇറാന്റെ ആണവ വിഷയത്തിൽ രാഷ്ട്രീയ പരിഹാരം തേടണമെന്നും ഉപരോധങ്ങളും സമ്മർദവും പ്രശ്നം കൂടുതൽ സങ്കീർണമാക്കുമെന്നും ചൈന നിലപാട് വ്യക്തമാക്കി.

2015ലെ ജെസിപിഒഎ കരാറിന്റെ ഭാഗമായി ആണവ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ സമ്മതിച്ചിരുന്നു. എന്നാൽ 2018ൽ ഡോണൾഡ് ട്രംപ് ആദ്യ ഭരണകാലത്ത് അമേരിക്ക കരാറിൽ നിന്ന് പിന്മാറുകയും ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ആണവ വിഷയത്തിൽ പ്രതിസന്ധി രൂക്ഷമായത്.

മറുപടി രേഖപ്പെടുത്തുക