ഗ്യാനേഷ് കുമാറിനെതിരെ പഴയ കേസ് വീണ്ടും; കെഎസ്ടിപി അഴിമതി ആരോപണത്തിൽ പുനരന്വേഷണ നീക്കം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കെഎസ്ടിപി (കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്) പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പുനരന്വേഷണത്തിന് സംസ്ഥാന സർക്കാർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളാണ് വീണ്ടും അന്വേഷണ പരിധിയിലാകുന്നത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണ നടപടികൾക്ക് നിർദേശം നൽകിയതായാണ് വിവരം. പദ്ധതിയുടെ കരാർ ഏറ്റെടുത്ത കമ്പനിയിലെ ഒരു എൻജിനീയറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിനെക്കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നുവെന്നാണ് സൂചന.

കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് അന്വേഷണം പൂർത്തിയാക്കി അടച്ച ഫയലുകളാണ് വീണ്ടും തുറക്കപ്പെടുന്നത്.

വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് മുന്നോടിയായി കേസുമായി ബന്ധപ്പെട്ട രേഖകൾ ആഭ്യന്തര വകുപ്പ് വിശദമായി പരിശോധിച്ചതായും റിപ്പോർട്ടുകളുണ്ട്. അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് അന്ന് ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നുവെങ്കിലും കൂടുതൽ നടപടികൾ സ്വീകരിച്ചിരുന്നില്ല.

2007-ൽ വിജിലൻസും ക്രൈംബ്രാഞ്ചും നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗ്യാനേഷ് കുമാറിനെ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തിന് കേന്ദ്ര ഡെപ്യൂട്ടേഷനും ലഭിച്ചു. എന്നാൽ അന്നത്തെ അന്വേഷണം സമഗ്രവും തൃപ്തികരവുമല്ലായിരുന്നുവെന്ന ആരോപണം ഉയർന്നതോടെയാണ് കേസ് വീണ്ടും പരിശോധിക്കണമെന്ന ആവശ്യം ശക്തമായത്.

എസ്‌ഐആർ വിവാദവുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ ഗ്യാനേഷ് കുമാറിനെതിരെ രാഷ്ട്രീയ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പഴയ കേസ് വീണ്ടും ചർച്ചയാകുന്നത്. പുനരന്വേഷണവുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക