ബിജെപിക്ക് ആശ്വാസം; ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ചു

തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ആർ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ചു. പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ശ്രീലേഖ നിലപാട് മാറ്റിയത്.

നേതൃത്വം അനുനയിപ്പിച്ചതോടെയും ഉന്നയിച്ച വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതോടെയുമാണ് രാജി പിൻവലിച്ചതെന്നാണ് വിവരം. ഇതോടെ രാജി സംബന്ധിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച സന്ദേശവും ശ്രീലേഖ പിൻവലിച്ചു.

സെപ്റ്റംബർ 30-ന് മേയർ വി.വി. രാജേഷിന് നൽകിയ കത്തിലൂടെയാണ് സ്വകാര്യ കാരണങ്ങളാൽ കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി ശ്രീലേഖ അറിയിച്ചിരുന്നത്. തുടർന്ന് ശാസ്തമംഗലം വാർഡിലെ ‘കൗൺസിലർ അറിയിപ്പ്’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലും രാജി സംബന്ധിച്ച സന്ദേശം പങ്കുവെച്ചിരുന്നു. ജില്ലാ കളക്ടർക്ക് രാജിക്കത്ത് കൈമാറുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു.

ശ്രീലേഖയുടെ രാജിവാർത്ത പുറത്തുവന്നതോടെ ബിജെപി നേതൃത്വവും അടിയന്തര ഇടപെടൽ നടത്തിയിരുന്നു. രാജിക്കത്ത് കോർപ്പറേഷൻ സെക്രട്ടറിക്ക് സമർപ്പിക്കാതെ മേയറിന് കൈമാറിയതിനെ തുടർന്ന് ഒത്തുതീർപ്പ് ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലും പാർട്ടി കേന്ദ്രങ്ങളിൽ ഉണ്ടായിരുന്നു.

അതേസമയം, ശ്രീലേഖയുടെ രാജി സംബന്ധിച്ച വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് മേയർ വി.വി. രാജേഷും ഡെപ്യൂട്ടി മേയർ പി.കെ. ആശാനാഥും പ്രതികരിച്ചിരുന്നു.

പാർട്ടി നേതൃത്വത്തിന്റെ ഇടപെടലും തുടർചർച്ചകളും ഫലപ്രദമായതോടെയാണ് ശ്രീലേഖ രാജി തീരുമാനം പിൻവലിച്ചത്. ഇതോടെ ബിജെപിക്കുള്ളിലെ ഒരു വിവാദത്തിന് താൽക്കാലിക വിരാമമായിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക