പ്രതിഷേധങ്ങളെ ഒരുമിപ്പിക്കാൻ ‘സത്യാഗ്രഹ’; പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ച് രാഹുൽ ഗാന്ധി

രാജ്യത്തുടനീളം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന പ്രതിഷേധങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ‘സത്യാഗ്രഹ’ എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ആരംഭിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ അവകാശങ്ങൾക്കായി പോരാടുന്നുണ്ടെങ്കിലും പലപ്പോഴും ഒറ്റയ്ക്കാണ് പോരാടേണ്ടിവരുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘ജെൻ-ജി’ യുവാക്കൾ, വിദ്യാർഥികൾ, കർഷകർ, ആദിവാസികൾ, ദലിതർ, സ്ത്രീകൾ തുടങ്ങി വിവിധ വിഭാഗങ്ങളുടെ ഓരോ പോരാട്ടത്തിനും പിന്നിൽ ഓരോ കഥയുണ്ടെന്നും എന്നാൽ ഒരാളുടെ ശബ്ദം അടിച്ചമർത്തുന്നത് അധികാരികൾക്ക് എളുപ്പമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

മഹാത്മാഗാന്ധിയുടെ സത്യാഗ്രഹ ആശയം ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി, അനീതിക്കെതിരെ പോരാടുന്നവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കണമെന്നും ആവശ്യപ്പെട്ടു. സത്യമാണ് ഏറ്റവും വലിയ ആയുധമെന്ന് മഹാത്മാഗാന്ധി പഠിപ്പിച്ചുവെന്നും ആ സത്യത്തിനായി ഒരുമിച്ച് നിലകൊള്ളുക അതിലും വലിയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

അനീതിക്കെതിരെ പോരാടുന്നവർ ‘സത്യാഗ്രഹ’ പ്ലാറ്റ്‌ഫോമിലൂടെ തങ്ങളുടെ കഥ പങ്കുവയ്ക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു. ഇതിനായി വെബ്സൈറ്റിലെ ഫോം പൂരിപ്പിച്ച് തങ്ങളുടെ പോരാട്ടം രജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് എങ്ങനെ പിന്തുണ നൽകാനാകുമെന്ന് പരിഗണിക്കുമെന്നും ബന്ധപ്പെട്ടവരെ ഉടൻ ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധ ശബ്ദങ്ങളെ ഒരുമിപ്പിക്കുകയും അവ തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന വേദിയായി ‘സത്യാഗ്രഹ’യെ മാറ്റുകയാണ് ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക