മാവോയിസം ഉപേക്ഷിച്ച ഒമ്പത് വനിതകൾക്ക് ബോളിവുഡിൽ അവസരം; വൈറലായ റാമ്പ് വാക്കിന് പിന്നാലെ സിനിമാ ഓഫർ

ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ നിന്നുള്ള മാവോയിസം ഉപേക്ഷിച്ച ഒമ്പത് മുൻ വനിതാ പ്രവർത്തകർക്ക് ബോളിവുഡിൽ അഭിനയിക്കാൻ അവസരം. അടുത്തിടെ റായ്പൂരിൽ നടന്ന ഫാഷൻ ഷോയിലെ ഇവരുടെ റാമ്പ് വാക്ക് സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്.

ഓഗസ്റ്റിൽ ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് റായ്പൂരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഒമ്പത് പേരും റാമ്പിൽ ചുവടുവച്ചത്. സംസ്ഥാന ഗ്രാമീണ വ്യവസായ വകുപ്പ് സംഘടിപ്പിച്ച ഫാഷൻ ഷോയിൽ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ആത്മവിശ്വാസത്തോടെയായിരുന്നു ഇവരുടെ റാമ്പ് വാക്ക്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ‘ബംഗാൾ 1947’ സംവിധായകൻ ആകാശ് ആദിത്യ ലാമ ഇവർക്ക് സിനിമയിൽ അവസരം നൽകാൻ താൽപര്യം പ്രകടിപ്പിച്ചത്. 1994ൽ ബസ്തർ മേഖലയിൽ നടന്ന ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

മാവോയിസം ബാധിത പ്രദേശങ്ങളിൽ ജീവിച്ചിരുന്ന ഇവരുടെ ജീവിതാനുഭവങ്ങൾ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് കൂടുതൽ സ്വാഭാവികത നൽകുമെന്നാണ് സിനിമാ സംഘത്തിന്റെ പ്രതീക്ഷ. ബസ്തറിലെ വനമേഖലകളിൽ നവംബർ, ഡിസംബർ മാസങ്ങളിലായി ചിത്രീകരണം നടത്താനാണ് പദ്ധതിയെന്നാണ് വിവരം.

അഭിനയത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്കായി ചിത്രീകരണത്തിന് മുമ്പ് ഓഡിഷൻ നടത്തും. തുടർന്ന് 10 മുതൽ 15 ദിവസം വരെ നീളുന്ന പ്രത്യേക അഭിനയ പരിശീലന ശിൽപശാലയും സംഘടിപ്പിക്കും.

മാവോയിസം ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിയ വനിതകൾക്ക് ലഭിച്ച അവസരത്തിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് സന്തോഷം പ്രകടിപ്പിച്ചു. അക്രമത്തിന്റെ പാത ഉപേക്ഷിച്ചവർക്ക് ഇത്തരം അവസരങ്ങൾ ലഭിക്കുന്നത് അവരുടെ പുനരധിവാസത്തിനും സമൂഹത്തിൽ മാന്യമായ ജീവിതം നയിക്കുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കൽ തോക്ക് കൈവശം വച്ചിരുന്നവർ ഇന്ന് ക്യാമറയ്ക്ക് മുന്നിലെത്തുന്നത് വലിയ മാറ്റത്തിന്റെ പ്രതീകമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക