ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്; പൊലീസ് തടഞ്ഞതോടെ റോഡിൽ കുത്തിയിരുന്ന് രാഹുൽ ഗാന്ധിയും നേതാക്കളും

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ആകാശവാണി ഓഫീസിന് മുന്നിൽവച്ചാണ് മാർച്ച് പൊലീസ് തടഞ്ഞത്. തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കായിരുന്നു ഇന്ത്യ സഖ്യത്തിന്റെ മാർച്ച്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപത്തേക്ക് പ്രതിഷേധക്കാരെ കടത്തിവിടില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. മാർച്ച് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സമാജ്‌വാദി പാർട്ടി പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയിരുന്നും പ്രതിഷേധിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ ഇന്ത്യ സഖ്യ നേതാക്കളും എംപിമാരും പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു. ബിജു ജനതാദളും പ്രതിഷേധത്തിൽ അണിനിരന്നു.

പ്രതിഷേധം കണക്കിലെടുത്ത് ദില്ലിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 3,000ലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. പുരുഷന്മാരുടെ 27 കമ്പനികളും വനിതകളുടെ നാല് കമ്പനികളും ഉൾപ്പെടുന്ന വൻ പൊലീസ് സന്നാഹമാണ് സുരക്ഷയ്ക്കായി രംഗത്തുള്ളത്. പാർലമെന്റ് പരിസരം, പാർലമെന്റ് സ്ട്രീറ്റ് റൗണ്ട് എബൗട്ട്, തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ പ്രവേശന കവാടങ്ങൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.

പ്രതിഷേധത്തിനിടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ യൂണിഫോമിൽ ബോഡി ക്യാമറകൾ ഘടിപ്പിച്ചാണ് സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഗ്യാനേഷ് കുമാർ തകർത്തതായി കോൺഗ്രസ് എംപിമാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് രാജ്യത്ത് നേരത്തെ ചോദ്യങ്ങൾ ഉയർന്നിരുന്നില്ലെന്നും എന്നാൽ ഗ്യാനേഷ് കുമാറിന്റെ നടപടികൾ ആ വിശ്വാസത്തിന് തിരിച്ചടിയായെന്നും അവർ പറഞ്ഞു.

പ്രതിപക്ഷം ഗ്യാനേഷ് കുമാറിനോട് ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിന് മറുപടി നൽകുന്നത് ബിജെപി നേതാക്കളാണെന്നും കോൺഗ്രസ് എംപിമാർ ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സഖ്യം ദില്ലിയിൽ മാർച്ച് സംഘടിപ്പിച്ചത്.

മറുപടി രേഖപ്പെടുത്തുക