സൈക്കിള്‍ തട്ടി നായ ചത്താലും ‘ബിജെപി–കോൺഗ്രസ് ഒത്തുകളി’ എന്ന് പറയും; പ്രതിപക്ഷത്തിനെതിരെ രമേശ് ചെന്നിത്തല

ആർ. സുഗതന്റെ കാപ്പാ കേസിലെ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഉയർന്ന ബിജെപി–കോൺഗ്രസ് ഒത്തുകളി ആരോപണങ്ങൾ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എന്ത് സംഭവിച്ചാലും ബിജെപിയുമായി ഒത്തുകളിയാണെന്ന് പറയുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

“സൈക്കിള്‍ തട്ടി നായ ചത്താലും ബിജെപി–കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയും. ആരോടാണ് ഒത്തുകളിയെന്ന് ആദ്യം വ്യക്തമാക്കണം. ഒത്തുകളി നടത്തിയവരാണ് ഇന്ന് പ്രതിപക്ഷത്തിരിക്കുന്നതെന്നും പാപം കഴുകിക്കളയാൻ ഞങ്ങളെ കൂട്ടുപിടിക്കേണ്ടതില്ലെന്നും” ചെന്നിത്തല പറഞ്ഞു.

ആർ. സുഗതന്റെ കേസിൽ കോടതി വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും ഹൈക്കോടതി വിധിയെ തള്ളിപ്പറയുന്നത് കോടതിയലക്ഷ്യമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നടപടിക്രമങ്ങളിൽ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും കോടതി വിധി വിശദമായി പരിശോധിച്ചശേഷം തുടർനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി വിജയനും എം.വി. ഗോവിന്ദനും ഏറെക്കാലമായി ബിജെപി–കോൺഗ്രസ് ഒത്തുകളി ആരോപണം ഉന്നയിക്കുകയാണെന്നും, എന്നാൽ കഴിഞ്ഞ പത്ത് വർഷക്കാലം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് പോലും പറയാൻ അവർ ഭയപ്പെട്ടിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ഇത്തരം ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക