ഗ്യാനേഷ് കുമാറിനെതിരെ പഴയ ഇടപാടിൽ വീണ്ടും ആരോപണം; നടപടി ശുപാർശ ചെയ്ത ഫയൽ മുഖ്യമന്ത്രി ഓഫീസിൽ കുടുങ്ങിയെന്ന് റിപ്പോർട്ട്

കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായിരിക്കെ നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും ആരോപണം ഉയർന്നു. പേപ്പർ കമ്പനിക്ക് കരാർ നൽകി കോർപ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്ത റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് വിവരം.

1992-93 കാലയളവിൽ നടന്ന 9,06,783.85 രൂപയുടെ ഇടപാടിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. പട്ടികജാതി-പട്ടികവർഗ വികസന കോർപ്പറേഷന്റെ കീഴിൽ കൊമേഴ്‌സ്യൽ സെന്റർ സ്ഥാപിക്കുന്നതിനായി ഒരു സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരുന്നു. കരാർ വ്യവസ്ഥ പ്രകാരം 25 ശതമാനം തുക മാത്രമേ മുൻകൂറായി നൽകാവൂ എന്നിരിക്കെ, 90 ശതമാനം തുകയും മുൻകൂറായി അനുവദിച്ചതായി കണ്ടെത്തിയെന്നാണ് ആരോപണം.

കരാർ പ്രകാരം കമ്പനി ഇലക്ട്രോണിക് ഉപകരണങ്ങൾ വിതരണം ചെയ്യാതിരുന്നതിനെ തുടർന്ന് കോർപ്പറേഷന് സാമ്പത്തിക നഷ്ടമുണ്ടായതായി വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനും അന്നത്തെ പ്രോജക്ട് ഓഫീസറായ ബാലഭാസ്‌കറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത്, 2022ൽ അന്നത്തെ പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ നടപടി ശുപാർശ ചെയ്ത് ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലിൽ പിന്നീട് തീരുമാനമൊന്നും ഉണ്ടായില്ലെന്നാണ് വിവരം.

മറുപടി രേഖപ്പെടുത്തുക