സിജെപി പ്രതിഷേധം: ഡൽഹിയിൽ 24 മണിക്കൂർ ഇന്റർനെറ്റ് നിരോധനം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നാളെ നടത്താനിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജൻപഥ്–കർതവ്യ പാത കവലയുടെ നാല് കിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂർ നേരത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കാൻ ഡൽഹി പോലീസ് ഉത്തരവിട്ടു. ഒക്ടോബർ 9 വെള്ളിയാഴ്ച രാത്രി 10 മുതൽ ഒക്ടോബർ 10 ശനിയാഴ്ച രാത്രി 10 വരെയാണ് നിയന്ത്രണം.

എയർടെൽ, വോഡഫോൺ–ഐഡിയ, ജിയോ, എംടിഎൻഎൽ തുടങ്ങിയ ടെലികോം കമ്പനികൾക്ക് ഡൽഹി പോലീസിന്റെ ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽനിന്ന് ഇതുസംബന്ധിച്ച ഉത്തരവുകൾ കൈമാറി. ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, 2023 പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെയാണ് നടപടിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സുപ്രീംകോടതി നേരത്തേ വിമർശനാത്മക പരാമർശങ്ങൾ നടത്തിയിരുന്നു. ഡൽഹിയിലേക്കുള്ള മെട്രോ, ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത കോടതി, ചെറിയ പ്രശ്നത്തിന് വലിയ നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്ന ആശയത്തിൽ സർക്കാരിന്റെ നടപടികളെ വിമർശിച്ചു. ക്രമസമാധാനം നിലനിർത്താനാണ് ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.

മറുപടി രേഖപ്പെടുത്തുക