ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന് പ്രമേയം; ചരിത്രനീക്കവുമായി കേരള നിയമസഭ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭാ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിച്ചത്. ഇതോടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി.

ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തെ ഇടതുപക്ഷ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ സഭയിലുണ്ടായിരുന്ന മൂന്ന് ബിജെപി അംഗങ്ങൾ പ്രമേയത്തെ എതിർത്തു. തുടർന്ന് സഭയ്ക്ക് പുറത്തേക്കിറങ്ങിയ ബിജെപി അംഗങ്ങൾ പ്രമേയത്തിന്റെ പകർപ്പ് പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കേരള നിയമസഭയുടെ നിർണായക നീക്കം. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നുവെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയത്.

മറുപടി രേഖപ്പെടുത്തുക