ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി; രാഹുൽ ഗാന്ധിക്കായി കോൺഗ്രസ് അഭിഭാഷക സംഘം സമർപ്പിച്ചു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വൈകുന്നേരം 4.45-ഓടെ ഇന്ത്യ സഖ്യത്തിന്റെ മാർച്ചിനിടെയാണ് കോൺഗ്രസ് അഭിഭാഷക സംഘം സുപ്രീംകോടതിയിലെ കൗണ്ടറിലെത്തി ഹർജി സമർപ്പിച്ചത്. രാഹുൽ ഗാന്ധിക്ക് നേരിട്ട് കോടതിയിലെത്തി ഹർജി നൽകാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു അഭിഭാഷക സംഘത്തിന്റെ നടപടി.

വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്.ഐ.ആർ. ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്താണ് ഹർജി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായ തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്നതുൾപ്പെടെയുള്ള ആരോപണങ്ങളും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നടത്തുന്ന ‘ദില്ലി ചലോ’ മാർച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിന് വഴിയൊരുക്കി. ഉച്ചയ്ക്ക് രണ്ടുമണിയോടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽനിന്ന് ബസിൽ പുറപ്പെട്ട പ്രതിപക്ഷ നേതാക്കൾ ബാരഖംബ ജംഗ്ഷനു സമീപം ഇറങ്ങി സുപ്രീംകോടതി ലക്ഷ്യമാക്കി മാർച്ച് ആരംഭിച്ചു.

ആദ്യം കാൽനടയായി നീങ്ങിയ നേതാക്കൾ സുപ്രീംകോടതിയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള മണ്ടി ഹൗസിനു സമീപത്തുനിന്ന് തുറന്ന വാഹനത്തിലേറിയാണ് മാർച്ച് തുടർന്നത്.

സുപ്രീംകോടതിയിൽനിന്ന് ഏകദേശം 200 മീറ്റർ അകലെ ബാരിക്കേഡുകൾ സ്ഥാപിച്ച് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്.

മറുപടി രേഖപ്പെടുത്തുക