നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടത്തിൽ മരിച്ച പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലുവ മണ്ഡലം നേതാവ് ഷിഹാബ് പറേലി നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ദുരന്തത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ശശികല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ശശികല ഫോണിൽ വിളിച്ച് സംസാരിച്ചതായി ഗോപികയുടെ കുടുംബവും വെളിപ്പെടുത്തി. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തെ വർഗീയവൽക്കരിക്കാനും മരിച്ച പെൺകുട്ടികളുടെ സ്വഭാവഹത്യ നടത്താനുമാണ് ശശികല ശ്രമിക്കുന്നതെന്ന് ഗോപികയുടെ അച്ഛൻ പ്രദീപ് കുമാറും അമ്മ സജിതയും ബന്ധുക്കളും ആരോപിച്ചു.
അപകടത്തിൽ മരിച്ച പെൺകുട്ടികളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിലപാടുകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ നിയമസഭയിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്.
