രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിൽ വീണ്ടും രാജി. എംഎൽഎയുടെ ഡ്രൈവറായ കുഞ്ഞുമുഹമ്മദാണ് ഒടുവിൽ രാജിവെച്ചത്. രമ്യ ഹരിദാസുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന.
നേരത്തെ എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റ് വിമലും രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ എംഎൽഎയുമായി ഒത്തുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.
വിമൽ രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറിയിരുന്നു. കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാവായ വിമൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ സീനിയർ ക്ലർക്കാണ്. അഭിപ്രായഭിന്നതയുടെ കാരണങ്ങൾ വിമൽ സംഘടനാ നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
പാളയം പ്രദീപിനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നേരത്തേ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പിഎയുടെ രാജി. ഇപ്പോൾ ഡ്രൈവറും രാജിവെച്ചതോടെ എംഎൽഎയുടെ സ്റ്റാഫിലെ ഭിന്നത വീണ്ടും ചർച്ചയായിരിക്കുകയാണ്.
