മെസ്സി വാഗ്ദാന തട്ടിപ്പ്; വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി

ലോകഫുട്ബോൾ താരം ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കുന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നതിനുള്ള അനുമതി തേടി ഫയൽ ലോക്ഭവന് കൈമാറി. മുൻ മന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പദവി പരിഗണിച്ചാണ് ഗവർണറുടെ അനുമതി തേടിയിരിക്കുന്നത്.

കേസിൽ അന്വേഷണം വൈകുന്നുവെന്ന വിമർശനങ്ങളും ഒത്തുകളി ആരോപണങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നേരത്തേ അനുമതി ലഭിച്ചിരുന്നു.

സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ വി. അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്നാണ് റിപ്പോർട്ട്. ഇടപാടിലൂടെ മുൻ മന്ത്രി വ്യക്തിപരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ വിശദമായ അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘം ശുപാർശ ചെയ്തിട്ടുണ്ട്.

വകുപ്പ് സെക്രട്ടറിയെ അറിയിക്കാതെ ഫയലുകൾ കൈകാര്യം ചെയ്യുകയും സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്ന ഉത്തരവുകളിലൂടെ സ്വകാര്യ കമ്പനിക്ക് അനുകൂല സാഹചര്യമൊരുക്കുകയും ചെയ്തെന്നാണ് സി. സത്യപാലനെതിരായ ആരോപണം. സർക്കാർ അനുമതിയില്ലാതെ സ്വകാര്യ കമ്പനിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിലുള്ള കരാറിൽ സാക്ഷിയായി ഒപ്പിട്ടെന്നാണ് യു. ഷറഫലിക്കെതിരായ പ്രധാന ആരോപണം.

സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജിസിഡിഎ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കും ഇടപാടിൽ പങ്കുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. നിലവിൽ ഇവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. തുടർ അന്വേഷണത്തിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ ഇവരെയും പ്രതിചേർക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

മറുപടി രേഖപ്പെടുത്തുക