പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് ഡൽഹിയിൽ തിരംഗ മാർച്ച്; അഭിജീത് ദീപ്കെയും നേഹ ബോറയും കസ്റ്റഡിയിൽ

ഡൽഹി പൊലീസിന്റെ കർശന നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും മറികടന്ന് ദേശീയപതാകയുമായി തിരംഗ മാർച്ചിനായി പ്രവർത്തകർ തെരുവിലിറങ്ങി. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെ കസ്റ്റഡിയിലെടുക്കുകയും വൻതോതിൽ സുരക്ഷാസേനയെ വിന്യസിക്കുകയും ചെയ്തിട്ടും വിവിധ സംഘടനകളുടെ പ്രവർത്തകർ കൊണാട്ട് പ്ലേസിലേക്ക് നീങ്ങി. ഏകദേശം 25,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രതിഷേധം.

ആം ആദ്മി പാർട്ടി (എഎപി), ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ), ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ്, ക്രാന്തികാരി യുവ സംഘടന് തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽനിന്ന് ദേശീയപതാകകളുമായി കൊണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്തി.

താമസസ്ഥലത്തുനിന്ന് ദേശീയപതാകയുമായി പുറത്തിറങ്ങിയപ്പോഴാണ് അഭിജീത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടിന് സമീപത്തുനിന്ന് നടന്ന് പ്രധാന റോഡിലെത്തിയതോടെയായിരുന്നു നടപടി. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രവർത്തകർ ദേശീയപതാകകളുമായി മുന്നോട്ടുപോയി. മണ്ഡി ഹൗസിൽ പ്രതിഷേധത്തിനിടെ ഐസ അധ്യക്ഷ നേഹ ബോറയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് നീക്കത്തെ പ്രവർത്തകർ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

തിരംഗ മാർച്ച് നടത്തരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധം നടത്താൻ തീരുമാനിച്ച കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. നിയന്ത്രണങ്ങൾ മറികടന്നും മാർച്ചുമായി മുന്നോട്ടുപോകാനാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ തീരുമാനം.

അഞ്ചിൽ താഴെ ആളുകളുള്ള സംഘങ്ങളായി കൊണാട്ട് പ്ലേസിലെത്തി ദേശീയപതാക വീശാനും ചിത്രങ്ങൾ പകർത്തി ‘ലെഹ്‌റാ ദോ തിരംഗ’ എന്ന ഹാഷ്‌ടാഗിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാനുമാണ് പ്രവർത്തകർക്ക് നൽകിയ നിർദേശം. ദേശീയപതാക ഉയർത്തുന്നത് കുറ്റകരമല്ലെന്ന സന്ദേശം ഉയർത്തിക്കാട്ടുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

മറുപടി രേഖപ്പെടുത്തുക