ശബരിമല ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് ഇരുവരെയും തെരഞ്ഞെടുത്തത്.
തിരുവനന്തപുരം പുളിമൂട് സ്വദേശിയായ ശങ്കരൻ നമ്പൂതിരി നിലവിൽ പഴവങ്ങാടി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. അഞ്ചുതവണ അപേക്ഷ സമർപ്പിച്ചിട്ടുള്ള അദ്ദേഹം മൂന്നുതവണ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരുന്നു. ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും നിയോഗം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കോഴിക്കോട് വടകര സ്വദേശിയായ എ. ദാമോദരൻ നമ്പൂതിരി നിലവിൽ പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുകയാണ്.
സന്നിധാനത്ത് തന്ത്രിമാരുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളുടെയും സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിൽനിന്നുള്ള കുട്ടിയാണ് നറുക്കെടുത്ത് മേൽശാന്തിമാരെ തിരഞ്ഞെടുത്തത്.
വൃശ്ചികം ഒന്നിന് മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നതോടെ പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും.
