അൽബേനിയയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമായതോടെ തലസ്ഥാനമായ ടിറാനയിൽ വ്യാപക അക്രമവും നാശനഷ്ടവും. ശനിയാഴ്ചയും തുടർന്ന പ്രതിഷേധത്തിനിടെ പൊലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സർക്കാർ കെട്ടിടങ്ങൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുസൗകര്യങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ഒക്ടോബർ 13ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ വിദ്യാർഥികൾ ഒത്തുകൂടിയതോടെയാണ് ഏറ്റവും പുതിയ പ്രതിഷേധങ്ങൾക്ക് തുടക്കമായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ചില പ്രതിഷേധക്കാർ പൊലീസിനും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ കല്ലുകളും മറ്റ് വസ്തുക്കളും എറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ കലാപവിരുദ്ധ പൊലീസിനെ വിന്യസിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സെൻട്രൽ ബാങ്ക് എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാശനഷ്ടമുണ്ടായി. അക്രമവുമായി ബന്ധപ്പെട്ട് 56 പേരെ അറസ്റ്റ് ചെയ്തതായും പ്രായപൂർത്തിയാകാത്ത 16 പേർ ഉൾപ്പെടെ 97 പേർക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചതായും അൽബേനിയൻ പൊലീസ് അറിയിച്ചു.
പ്രതിഷേധം രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും വ്യാപിച്ചതോടെ ഭരണകക്ഷിയും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഭിന്നത കൂടുതൽ രൂക്ഷമായി. അക്രമത്തിന് വഴങ്ങില്ലെന്ന് പ്രധാനമന്ത്രി എഡി രാമ വ്യക്തമാക്കി. പ്രതിഷേധങ്ങളെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷം ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെയ് അവസാനത്തോടെ ആരംഭിച്ച ‘ഫ്ലമിംഗോ’ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പുതിയ പ്രതിഷേധങ്ങളും നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറുമായി ബന്ധപ്പെട്ട തെക്കൻ അൽബേനിയയിലെ സംരക്ഷിത തീരമേഖലയിലെ വിനോദസഞ്ചാര പദ്ധതിക്കെതിരായ എതിർപ്പോടെയാണ് പ്രസ്ഥാനം ആരംഭിച്ചത്. പിന്നീട് അഴിമതി, ജീവിതച്ചെലവ്, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും പ്രതിഷേധത്തിന്റെ ഭാഗമായി.
അക്രമം അവസാനിപ്പിക്കാനും സംഘർഷാവസ്ഥ കുറയ്ക്കാനും എല്ലാ കക്ഷികളും സംഭാഷണത്തിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്നും അൽബേനിയയിലെ ഐക്യരാഷ്ട്രസഭാ ഏജൻസികൾ ആവശ്യപ്പെട്ടു.
