പിണറായിക്കെതിരായ ഇഡി നീക്കം വ്യക്തിഹത്യയ്ക്കെന്ന് ഇ.പി. ജയരാജൻ; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് നോട്ടീസ് പതിച്ച സംഭവത്തിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. പിണറായി വിജയനെ വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ജയരാജൻ വ്യക്തമാക്കി. പിണറായി വിജയനെ വേട്ടയാടാൻ തുടങ്ങിയിട്ട് ഏറെക്കാലമായെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബിയുമായി ബന്ധപ്പെട്ട വിമർശനങ്ങളിലും ഇ.പി. ജയരാജൻ പ്രതികരിച്ചു. വികസന പ്രവർത്തനങ്ങൾക്കായാണ് കിഫ്ബി ഭൂമി ഏറ്റെടുത്തതെന്ന് അദ്ദേഹം വിശദീകരിച്ചു. വിമാനത്താവളങ്ങൾക്ക് സമീപം ഐ.ടി. വികസനം സാധാരണമാണ്. ഏറ്റെടുത്ത ഭൂമിയിൽ കാടുപിടിക്കുന്നത് സ്വാഭാവികമാണെന്നും വികസന പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ അവിടെ കാട് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളം നിർമിച്ച സ്ഥലവും നേരത്തേ കാടുപിടിച്ച് കുത്തനെയുള്ള പ്രദേശമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ജയരാജൻ, അത്തരം സ്ഥലത്ത് വിമാനത്താവളം സ്ഥാപിച്ചില്ലേയെന്നും ചോദിച്ചു.

സിഎംആർഎൽ കേസുമായി ബന്ധപ്പെട്ടാണ് പിണറായി വിജയന്റെ വസതിയിൽ ഇഡി ഉദ്യോഗസ്ഥർ സമൻസ് നോട്ടീസ് പതിച്ചത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഇഡിയുടെ നടപടിയെന്നാണ് റിപ്പോർട്ട്. പിണറായി വിജയൻ കണ്ണൂരിലാണെന്ന് അറിഞ്ഞിട്ടും തിരുവനന്തപുരത്തെ വസതിയിലെത്തി നോട്ടീസ് പതിച്ചതിനെച്ചൊല്ലിയും ചർച്ചകൾ ഉയർന്നിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക