വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തി; ഗുരുതര ആരോപണവുമായി അഖിലേഷ് യാദവ്

തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനായി വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. വ്യാജ വോട്ടുകൾ പട്ടികയിൽ ഉൾപ്പെടുത്തുകയും പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവരുടെ വോട്ടുകൾ നീക്കം ചെയ്യുകയും ചെയ്തെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അഖിലേഷ് യാദവ് ബിജെപിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പോളിങ് ബൂത്തുകളിൽ പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും വോട്ടെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. വഞ്ചനയും സത്യസന്ധതയില്ലായ്മയുമാണ് ബിജെപി തങ്ങളുടെ ശക്തിയായി കാണുന്നതെന്നും അതുകൊണ്ടാണ് ഇത്തരം ഗൂഢാലോചനകളിൽ ഏർപ്പെടുന്നതെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടിക പുതുക്കുന്നതിനായി പ്രത്യേക പരിഷ്കരണ പരിപാടി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അഖിലേഷിന്റെ പ്രതികരണം. കോടികൾ ചെലവഴിച്ച് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) പൂർത്തിയാക്കിയതിന് പിന്നാലെ വീണ്ടും സ്പെഷ്യൽ സമ്മറി റിവിഷൻ (എസ്‌എസ്ആർ) നടത്തേണ്ടതിന്റെ ആവശ്യകത എന്താണെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് അനുകൂലമായി വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടികളെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കണമെന്നും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയാൻ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക