ജന്തർ മന്തറിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരുടെ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. തിങ്കളാഴ്ച അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് (എസ്ഇഎം) മുന്നിൽ ഹാജരാക്കിയപ്പോഴാണ് നടപടി.
കസ്റ്റഡി നീട്ടണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടപ്പോൾ, കൂടുതൽ തടങ്കലിന്റെ ആവശ്യകതയെ സിജെപിയുടെ നിയമകാര്യ മേധാവി രത്ന സിംഗ് ചോദ്യം ചെയ്തു. കസ്റ്റഡി നീട്ടുന്നതിന് ആവശ്യമായ നിയമപരമായ വാദങ്ങൾ പ്രോസിക്യൂഷൻ അവതരിപ്പിച്ചില്ലെന്നും നടപടികൾ സമയം പാഴാക്കുന്നതാണെന്നും അവർ ആരോപിച്ചു.
പ്രതിഷേധത്തിന് അനുമതിയില്ലാത്ത ജന്തർ മന്തറിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഒക്ടോബർ 14-നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) ക്രമക്കേടുകൾ ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് നടപടി.
ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ തടയുന്നതിനും വീണ്ടും സമാനമായ സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്നതിനുമാണ് കസ്റ്റഡി നീട്ടിയതെന്ന് ഡൽഹി പോലീസ് വ്യക്തമാക്കി. അതേസമയം, ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി പോലീസ് അറിയിച്ചിരുന്നു. രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവയാണ് പകരം പ്രതിഷേധ വേദികളായി നിർദേശിച്ചിരിക്കുന്നത്.
