ഇന്ത്യയെ അരാജകത്വത്തിൽ നിന്ന് രക്ഷിക്കുക; 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ അക്കാദമിക് വിദഗ്ധർ രംഗത്ത്

ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനാ സ്ഥാപനങ്ങളെയും കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് 27 രാജ്യങ്ങളിലെ 400ലധികം ഇന്ത്യൻ വംശജരായ വിദ്യാർഥികളും ഗവേഷകരും അക്കാദമിക് വിദഗ്ധരും പൂർവവിദ്യാർഥികളും. ‘ഇന്ത്യയെ അരാജകത്വത്തിൽ നിന്ന് രക്ഷിക്കുക’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇവർ ജനാധിപത്യ പ്രക്രിയകളിലുള്ള പൊതുജനവിശ്വാസം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയത്.

എംഐടി, ഓക്‌സ്‌ഫഡ്, കേംബ്രിഡ്ജ്, ഹാർവാർഡ്, യേൽ, സ്റ്റാൻഫഡ്, പ്രിൻസ്റ്റൺ, കൊളംബിയ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ, ടൊറന്റോ സർവകലാശാല തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരും പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ ജനാധിപത്യം നിരവധി വെല്ലുവിളികളെ അതിജീവിച്ചിട്ടുണ്ടെന്നും ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനവും അധികാര കൈമാറ്റത്തിലെ സുതാര്യതയും അതിന്റെ പ്രധാന സവിശേഷതകളാണെന്നും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയമുന്നയിക്കുന്നതും പ്രതികൂല കോടതി വിധികൾക്കുശേഷം ജുഡീഷ്യൽ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും സായുധ സേനയെ പക്ഷപാതപരമായ രാഷ്ട്രീയ ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നതും ആശങ്കാജനകമാണെന്നും ഒപ്പിട്ടവർ അഭിപ്രായപ്പെട്ടു.

ജനാധിപത്യത്തെ സംരക്ഷിക്കുകയെന്ന പേരിൽ പോലും ഭരണഘടനാ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികൾ ഒഴിവാക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. അഭിപ്രായവ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണെങ്കിലും അവ പരിഹരിക്കേണ്ടത് ഭരണഘടനാപരമായ മാർഗങ്ങളിലൂടെയായിരിക്കണമെന്നും ഇവർ വ്യക്തമാക്കി.

ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങൾ ഉദ്ധരിച്ചുകൊണ്ട് ഭരണഘടനാ രീതികൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും പ്രസ്താവന ഓർമിപ്പിക്കുന്നു. സംവാദം, ചർച്ച, വിയോജിപ്പ് എന്നിവയിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കണമെന്നും ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കണമെന്നും ഒപ്പിട്ടവർ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചുള്ള ചർച്ചകളും തുടരുന്നതിനിടെയാണ് പ്രസ്താവന പുറത്തുവന്നത്.

മറുപടി രേഖപ്പെടുത്തുക