ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിഞ്ഞത്; മാധ്യമവാർത്തകൾ യാഥാർഥ്യമല്ലെന്ന് പി.കെ. ശ്രീമതി

സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു സ്വയം പദവി ഒഴിയാൻ തീരുമാനിക്കുകയായിരുന്നുവെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളല്ല യാഥാർഥ്യമെന്നും വിഷയത്തിൽ പാർട്ടിക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചയായിട്ടില്ല. പരാതിയുണ്ടായിരുന്നെങ്കിൽ അത് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുമായിരുന്നുവെന്നും പരാതി ലഭിക്കാതെ എങ്ങനെ പ്രതികരിക്കാനാകുമെന്നും ശ്രീമതി ചോദിച്ചു. മാധ്യമങ്ങളിൽ വാർത്ത വന്നതുകൊണ്ടുമാത്രം അത് ശരിയാണെന്നോ തെറ്റാണെന്നോ പറയാനാകില്ലെന്നും അവർ വ്യക്തമാക്കി.

മുൻ ആരോഗ്യമന്ത്രിമാരായ കെ.കെ. ശൈലജ, വീണാ ജോർജ് എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. സംഭവത്തിൽ ഒരു പെൺകുട്ടിയുണ്ടെന്ന തരത്തിലാണ് മാധ്യമവാർത്തകളെന്നും എന്നാൽ പാർട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടില്ലെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

അതേസമയം, പി.പി. ദിവ്യ സിപിഎമ്മുമായി അകലുന്നുവെന്ന പ്രചാരണവും അവർ തള്ളി. ദിവ്യ പാർട്ടി വിട്ടുപോകില്ലെന്നും ഇപ്പോഴും പാർട്ടി അംഗമായി തുടരുകയാണെന്നും ശ്രീമതി പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക