അമേരിക്കയിലേക്ക് റഷ്യൻ ഡീസൽ; മൂന്ന് ടാങ്കറുകൾ പുറപ്പെട്ടു, ഇന്ധനവില കുറയ്ക്കാൻ ട്രംപിന്റെ നീക്കം

അമേരിക്കയിലേക്ക് ഡീസൽ ഇന്ധനം എത്തിക്കുന്നതിനായി മൂന്ന് ടാങ്കറുകൾ അയച്ചതായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് കയറ്റുമതിയെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് അറിയിച്ചു. ടാങ്കറുകൾ നിലവിൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ കിഴക്കൻ തീരത്തേക്കുള്ള യാത്രയിലാണെന്നും അധിക ഇന്ധനത്തിന്റെ ഭൂരിഭാഗവും റഷ്യൻ ഊർജ കമ്പനിയായ റോസ്‌നെഫ്റ്റിൽനിന്ന് എത്തിക്കാനാണ് സാധ്യതയെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള വിപണിയിൽ ഡീസലിന്റെ ലഭ്യത വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഇന്ധനം വിതരണം ചെയ്യുമെന്ന് നൊവാക് പറഞ്ഞു. ആഭ്യന്തര ആവശ്യങ്ങൾ പൂർണമായി നിറവേറ്റിക്കൊണ്ട് ഒക്ടോബറിൽ 5 ലക്ഷം ടൺ വരെ ഡീസൽ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ റഷ്യ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹായത്തോടെയാണ് കയറ്റുമതി ക്രമീകരണങ്ങൾ നടത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.

ടാങ്കറുകളിലൊന്നായ ‘അജിയോയ് ഫാനെൻഡസ്’ (Agioi Fanendes) ഏകദേശം 40,000 ടൺ ഡീസലുമായി റഷ്യയിലെ പ്രിമോർസ്ക് തുറമുഖത്തുനിന്ന് പുറപ്പെട്ട് ന്യൂയോർക്കിലേക്ക് നീങ്ങുകയാണെന്ന് സമുദ്രഗതാഗത നിരീക്ഷണ സംഘങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. നവംബർ 7-നാണ് കപ്പൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. മറ്റ് രണ്ട് ടാങ്കറുകളുടെ പേരും അവ ഇന്ധനം ഇറക്കാനിരിക്കുന്ന തുറമുഖങ്ങളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഒക്ടോബർ 9-ന് പുടിനും ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഇന്ധനവിതരണ ധാരണ പ്രഖ്യാപിക്കപ്പെട്ടത്. 3 ലക്ഷം ടണ്ണിലധികം ഡീസൽ ഉടൻ വിതരണം ചെയ്യുമെന്നും നവംബറിൽ 5 ലക്ഷം ടണ്ണും തുടർന്ന് 10 ലക്ഷം ടണ്ണും എത്തിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ ഡീസൽ ഇറക്കുമതിക്ക് അമേരിക്ക താൽക്കാലിക ഉപരോധ ഇളവും അനുവദിച്ചതായാണ് വിവരം.

നവംബർ 3-ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവില കുറയ്ക്കാനുള്ള സമ്മർദം ട്രംപ് നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. സെപ്റ്റംബറിൽ അമേരിക്കയിൽ ഡീസൽ വില ഗാലണിന് 6.50 ഡോളർ കടന്നതായും കാലിഫോർണിയയിലെ ചില പ്രദേശങ്ങളിൽ 8 ഡോളറിന് മുകളിലെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇറാനെതിരായ യുഎസ്–ഇസ്രയേൽ യുദ്ധവും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗത നിയന്ത്രണങ്ങളും ആഗോള ഊർജവിതരണത്തെ ബാധിച്ചതാണ് വിലക്കയറ്റത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മറുപടി രേഖപ്പെടുത്തുക