കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്സി) ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഗവർണർ രാജേന്ദ്ര ആർലേക്കർ ശുപാർശ നൽകി. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ശുപാർശ സമർപ്പിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പിഎസ്സി ചെയർമാനെതിരെ ഗവർണർ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.
പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി. പിഎസ്സി ചെയർമാനെയും കമ്മീഷനിലെ മുഴുവൻ അംഗങ്ങളെയും പുറത്താക്കണമെന്നാണ് രാഷ്ട്രപതിക്ക് നൽകിയ ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരാതികളുടെ അടിസ്ഥാനത്തിൽ പിഎസ്സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ നേരത്തെ വിശദീകരണം തേടിയിരുന്നു. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേതുൾപ്പെടെയുള്ള നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പിഎസ്സിക്കെതിരെ സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ചിന്റെ നിർദേശം പിഎസ്സി ചെയർമാനും അംഗങ്ങളും തള്ളിയിരുന്നു.
ഗവർണറുടെ ശുപാർശയിൽ രാഷ്ട്രപതി സ്വീകരിക്കുന്ന തുടർനടപടികൾ നിർണായകമാകും.
