ഡാറ്റാ ആക്റ്റ് പത്രപ്രവർത്തനത്തിന് ഭീഷണി; മാധ്യമസ്ഥാപനങ്ങൾ സുപ്രീം കോടതിയിൽ; കേന്ദ്രത്തിന് നോട്ടീസ്

2023ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) നിയമത്തിലെ വ്യവസ്ഥകൾ പത്രപ്രവർത്തന സ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. 21 മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഡിഎൻപിഎ) സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

നിയമത്തിൽ മാധ്യമപ്രവർത്തനത്തിന് പ്രത്യേക ഇളവുകളില്ലാത്തത് അന്വേഷണാത്മക റിപ്പോർട്ടിംഗിനെ ബാധിക്കുമെന്നും വാർത്തകൾ നീക്കം ചെയ്യാനും രഹസ്യ സ്രോതസ്സുകൾ വെളിപ്പെടുത്താനും സാഹചര്യമുണ്ടാക്കുമെന്നും ഹർജിക്കാർ വാദിച്ചു. വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ചരിത്രരേഖകളെയും പൊതുതാൽപ്പര്യത്തിലുള്ള റിപ്പോർട്ടുകളെയും ബാധിക്കാമെന്നും അവർ ആശങ്ക അറിയിച്ചു.

നിയമത്തിന് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം കേന്ദ്രത്തിന്റെ വാദം കേൾക്കാതെ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. പൗരന്മാരുടെയും മാധ്യമങ്ങളുടെയും അവകാശങ്ങൾ തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

കേസിലെ തുടർവാദം നവംബർ 17ന് നടക്കും. നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങൾ ലംഘിക്കുന്നുവെന്നാണ് ഹർജിക്കാരുടെ വാദം.

മറുപടി രേഖപ്പെടുത്തുക