കനത്ത മഞ്ഞുവീഴ്ച, മഞ്ഞുകാറ്റ്, ഹിമപാതം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ നേപ്പാളിലെ ഉയർന്ന മലനിരകളിലും ഹിമാലയൻ മേഖലകളിലും ഒക്ടോബർ 29 മുതൽ 31 വരെ നിയന്ത്രിത പ്രദേശങ്ങളിലേക്കുള്ള ട്രെക്കിങ് പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തിവച്ചു. നേപ്പാൾ ഇമിഗ്രേഷൻ വകുപ്പാണ് സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചത്.
ഈ മൂന്ന് ദിവസങ്ങളിൽ അപകടസാധ്യതയുള്ള മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ദേശീയ ദുരന്തസാധ്യതാ കുറയ്ക്കൽ-നിർവഹണ അതോറിറ്റി വിനോദസഞ്ചാരികൾക്ക് നിർദേശം നൽകിയിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും ഹിമപാതത്തിനും സാധ്യതയുണ്ടെന്നും നേപ്പാൾ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നേരത്തേ പെർമിറ്റ് ലഭിച്ച ട്രെക്കിങ് സംഘങ്ങളും യാത്രകൾ താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഇമിഗ്രേഷൻ വകുപ്പ് അഭ്യർഥിച്ചു. യാത്ര ആരംഭിച്ചവർ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും ട്രെക്കിങ് ഏജൻസികൾ, ഗൈഡുകൾ, മറ്റ് ബന്ധപ്പെട്ടവർ എന്നിവർ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിച്ചു.
റോഡ്-വ്യോമ ഗതാഗതം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള നദീതീരങ്ങൾ ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ തങ്ങരുതെന്നും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം നിരീക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 26ന് നേപ്പാൾ-ചൈന അതിർത്തിക്ക് സമീപം ഹിമപാതത്തെത്തുടർന്ന് നദിയുടെ ഒഴുക്ക് തടസ്സപ്പെടുകയും തുടർന്ന് രൂപപ്പെട്ട പ്രകൃതിദത്ത അണക്കെട്ട് തകരുകയും ചെയ്തതിനെത്തുടർന്നുണ്ടായ പ്രളയം രാജ്യത്ത് വൻ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. ദുരന്തത്തിൽ ഏകദേശം 1,500 പേർ മരിച്ചതായും 5,000ത്തിലധികം പേരെ കാണാതായതായും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിരുന്നു. റോഡുകൾ, പാലങ്ങൾ, വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ, ജനവാസകേന്ദ്രങ്ങൾ എന്നിവയും പ്രളയത്തിൽ തകർന്നു. ഭൗതിക നാശനഷ്ടം ഏകദേശം 1.66 ബില്യൺ യുഎസ് ഡോളറാണെന്നാണ് ലോകബാങ്കിന്റെ കണക്ക്.
