ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ മമ്മൂട്ടിയെ സന്ദർശിച്ചതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളെ വിമർശിച്ച് സിപിഐഎം നേതാവ് പി. ജയരാജൻ. മമ്മൂട്ടിയെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ നിക്ഷിപ്ത താൽപര്യങ്ങളോടെ ശ്രമിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ വിവാദം മമ്മൂട്ടിയും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും പരസ്പരം സംസാരിച്ച് പരിഹരിച്ചതാണെന്ന് ജയരാജൻ പറഞ്ഞു. തീർന്നുപോയ വിഷയം വീണ്ടും കുത്തിപ്പൊക്കി വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയബോധമാണെന്നും അദ്ദേഹം വിമർശിച്ചു.
മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങുന്ന വ്യക്തിയല്ലെന്നും നാടിന്റെ പൊതുസ്വത്താണെന്നും ജയരാജൻ വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ പേരിൽ വ്യക്തിഹത്യ നടത്തുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും കലാകാരന്മാരെ ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
