വിപണിവിലയുടെ അഞ്ചിരട്ടി തുക നൽകി കണ്ണൂരിൽ അയ്യായിരത്തോളം ഏക്കർ ഭൂമി ഏറ്റെടുത്തതിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് മറുപടിയുമായി മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. വ്യവസായ പാർക്ക് ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ലക്ഷ്യമിട്ട് കാൽനൂറ്റാണ്ട് മുന്നിൽക്കണ്ടാണ് ഭൂമി ഏറ്റെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവളത്തിന് സമീപം ഇന്ന് ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് വലിയ തുക ചെലവഴിക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയ തോമസ് ഐസക്, ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഫയലുകൾ സർക്കാർ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. ഭൂമിക്കൊപ്പം വിമാനത്താവളത്തിലേക്കുള്ള റോഡും ഉൾപ്പെടുന്ന വികസന പാക്കേജായിരുന്നു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രാനുമതിയില്ലാതെയാണ് ഭൂമി ഏറ്റെടുത്തതെന്ന ആരോപണവും അദ്ദേഹം തള്ളി. അതേസമയം, കിഫ്ബിയിൽ 40 തസ്തികകൾ അനുവദിച്ചിട്ടും 498 ജീവനക്കാരെ നിയമിച്ചെന്ന ആരോപണത്തിലും വിശദീകരണം നൽകി. കിഫ്ബിയിൽ 40 ജീവനക്കാർ മാത്രമാണുള്ളതെന്നും വിവിധ പദ്ധതികളുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി സിഎംഡി വഴി ജീവനക്കാരെ നിയോഗിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.
