കെ.എസ്.ആർ.ടി.സി പെൻഷൻ തുക വർധിപ്പിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. പെൻഷൻ പരിഷ്കരിക്കണമെന്ന ഹൈക്കോടതി നിർദേശം തള്ളിയാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. പെൻഷൻ തുക ഉയർത്തിയാൽ പ്രതിവർഷം 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വരുമാനനഷ്ടം കാരണം സ്ഥാപനത്തിന്റെ ദൈനംദിന ചെലവുകൾ പോലും മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിന്റെ പുതിയ നിലപാടോടെ പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ട് വർഷങ്ങളായി കാത്തിരിക്കുന്ന കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പ്രതീക്ഷകൾക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.
