റേഞ്ച് റോവർ കാർ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി രംഗത്ത്. മന്ത്രി സഞ്ചരിക്കുന്ന വാഹനം ഏതാണോ, അത് തന്നെയാണ് ഔദ്യോഗിക വാഹനമെന്നും, കൂർഗിലേക്ക് പോകാൻ മാത്രമാണ് അനുമതി നൽകിയിരുന്നതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.
കൂർഗിൽ പോയതിന് ശേഷം തിരികെ നടന്നുവരാൻ കഴിയുമോയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രചരിക്കുന്ന കാര്യങ്ങളിൽ പലതും വെറും ഗോസിപ്പുകൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ 13 ആണെന്നും മന്ത്രിമാർ സഞ്ചരിക്കുന്ന വാഹനത്തിൽ കൊടിയും ഔദ്യോഗിക നമ്പറും പ്രദർശിപ്പിക്കണമെന്നാണ് നിയമമെന്നും മന്ത്രി വ്യക്തമാക്കി. ഈ പ്രോട്ടോകോൾ താൻ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റേഞ്ച് റോവർ വാഹനത്തിനൊപ്പമുള്ളതായി പ്രചരിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നും മന്ത്രി അവകാശപ്പെട്ടു. വിവാദം ശക്തമായതിനെ തുടർന്ന് സ്വകാര്യ വാഹനം ഒഴിവാക്കി മന്ത്രി കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തിയത് ഔദ്യോഗിക വാഹനത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.
