ബങ്കിപൂർ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ജൻ സൂരജ് പാർട്ടിയുടെ പ്രവർത്തനം ബിഹാറിന് പുറത്തേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങി പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. ഇതിന്റെ ഭാഗമായി ഡൽഹിയിൽ പാർട്ടി പ്രവർത്തനം ശക്തമാക്കാനുള്ള നീക്കത്തിലാണ് അദ്ദേഹം.
ഞായറാഴ്ച ഡൽഹിയിൽ അനുയായികളുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തും. തലസ്ഥാനത്തെ പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും യോഗത്തിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
2024 ഒക്ടോബർ രണ്ടിനാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായിരുന്ന പ്രശാന്ത് കിഷോർ ജൻ സൂരജ് പാർട്ടി രൂപീകരിച്ചത്. 2025ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലാണ് പാർട്ടി ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയത്. 243 നിയമസഭാ മണ്ഡലങ്ങളിൽ 238 ഇടത്ത് സ്ഥാനാർഥികളെ മത്സരിപ്പിച്ചെങ്കിലും കാര്യമായ നേട്ടം കൈവരിക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല.
തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 202 സീറ്റുകൾ നേടി അധികാരത്തിലെത്തിയപ്പോൾ ആർജെഡി നേതൃത്വത്തിലുള്ള മഹാഗത്ബന്ധന് 35 സീറ്റുകളാണ് ലഭിച്ചത്.
എന്നാൽ 2026 ഓഗസ്റ്റിൽ നടന്ന ബങ്കിപൂർ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലാണ് ജൻ സൂരജിന് ആദ്യ വിജയം നേടാനായത്. മണ്ഡലത്തിൽ നിന്ന് അഞ്ച് തവണ എംഎൽഎയായിരുന്ന നിതിൻ നബീൻ ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭാംഗവുമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബങ്കിപൂരിലെ വിജയത്തിന് പിന്നാലെ സംഘടനയെ ബിഹാറിന് പുറത്തേക്ക് വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് ജൻ സൂരജ്. ഡൽഹിയിലെ പുതിയ നീക്കം പാർട്ടിയുടെ ദേശീയ രാഷ്ട്രീയ സാന്നിധ്യം വികസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
