പി.പി. ദിവ്യക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകൾ പിടിച്ചെടുത്തു. സ്വകാര്യ കമ്പനിയായ ‘കാർട്ടൺ ഇന്ത്യ അലയൻസ് ലിമിറ്റഡ്’ ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികളുടെ രേഖകളും കരാറുകളുമാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്.
കാർട്ടൺ ഇന്ത്യക്ക് ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയതിൽ വൻ ക്രമക്കേടുണ്ടെന്നാരോപിച്ച് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലയളവിൽ 12 കോടി രൂപയുടെ പദ്ധതികൾ കാർട്ടൺ ഇന്ത്യക്ക് നൽകിയെന്നും ഇതിന്റെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടന്നെന്നുമാണ് പരാതിയിലെ പ്രധാന ആരോപണം.
പൊതുമേഖലാ സ്ഥാപനമായ സിൽക്കിനായിരുന്നു ആദ്യഘട്ടത്തിൽ പദ്ധതികളുടെ നിർവഹണച്ചുമതല കൈമാറിയത്. എന്നാൽ, സിൽക്ക് മുഖേന കാർട്ടൺ ഇന്ത്യക്ക് ഉപകരാർ നൽകുകയായിരുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ മറികടന്ന് സ്വകാര്യ കമ്പനിക്ക് ഉപകരാർ നൽകിയതിലെ ക്രമക്കേടുകളാണ് വിജിലൻസ് പരിശോധിക്കുന്നത്.
അതേസമയം, കാസർകോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 22 സ്കൂളുകളിൽ കാർട്ടൺ ഇന്ത്യ നടപ്പാക്കിയ പദ്ധതികളിലും സമാനമായ ക്രമക്കേടുകൾ നടന്നെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന് പണം നൽകിയെന്ന് കമ്പനി എം.ഡി വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. എന്നാൽ, അഴിമതി നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഷാനവാസ് പാദൂർ പ്രതികരിച്ചു. ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ വിശദീകരണം.
