രാജ്ദീപ് സർദേശായി മുതൽ പ്രമുഖ അവതാരകർ വരെ; ഇംഗ്ലീഷ് ചാനലുമായി ദേശീയ മാധ്യമരംഗത്തേക്ക് റിപ്പോർട്ടർ ടിവി

മലയാളം വാർത്താ ചാനൽ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ റിപ്പോർട്ടർ ഇനി ദേശീയ മാധ്യമരംഗത്തേക്കും ചുവടുവെക്കുന്നു. ദക്ഷിണേന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ന്യൂസ് ചാനൽ എന്ന ലക്ഷ്യത്തോടെ റിപ്പോർട്ടർ പുതിയ ചാനൽ ആരംഭിക്കാനുള്ള ഒരുക്കങ്ങളിലാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചിയിലും ബെംഗളൂരുവിലുമായി അത്യാധുനിക സ്റ്റുഡിയോ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും ഇന്ത്യ ടുഡേ കൺസൾട്ടിങ് എഡിറ്ററുമായ രാജ്ദീപ് സർദേശായി പുതിയ ഇംഗ്ലീഷ് വിഭാഗത്തിന്റെ തലപ്പത്തെത്തുമെന്നാണ് സൂചന. ദേശീയ മാധ്യമരംഗത്തെ പ്രമുഖ അവതാരകരെയും റിപ്പോർട്ടർമാരെയും ചാനലിന്റെ ഭാഗമാക്കാനുള്ള ചർച്ചകളും അണിയറയിൽ സജീവമാണ്. ഡിസംബറിലോ ജനുവരിയിലോ പുതിയ ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താൻ കഴിയുന്ന രീതിയിലാണ് ഒരുക്കങ്ങൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മലയാളം വാർത്താ രംഗത്ത് വലിയ മുന്നേറ്റം നടത്തിയതിന് പിന്നാലെയാണ് ദേശീയ തലത്തിലേക്കുള്ള റിപ്പോർട്ടറിന്റെ ഈ ചുവടുവെപ്പ്. എം.വി. നികേഷ് കുമാറിൽനിന്ന് അഗസ്റ്റിൻ സഹോദരന്മാർ ചാനലിന്റെ നിയന്ത്രണം ഏറ്റെടുത്തതും ഡോ. അരുൺകുമാർ ഉൾപ്പെടെയുള്ള പ്രമുഖർ ടീമിന്റെ ഭാഗമായതും റിപ്പോർട്ടറിന്റെ വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകിയിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളിൽ കേരളത്തിലെ മുൻനിര വാർത്താ ചാനലുകളിലൊന്നായി മാറാനും റിപ്പോർട്ടറിന് സാധിച്ചു.

മലയാളം ചാനലിലൂടെ നേടിയ പ്രേക്ഷകപിന്തുണയും പ്രവർത്തനപരിചയവും ദേശീയ തലത്തിൽ ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് വാർത്താ ചാനൽ ആരംഭിക്കുന്നതെന്നാണ് സൂചന. കൊച്ചിയെയും ബെംഗളൂരുവിനെയും കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കുന്നതിലൂടെ ദക്ഷിണേന്ത്യൻ വാർത്തകൾക്ക് ദേശീയതലത്തിൽ കൂടുതൽ പ്രാധാന്യം നൽകാനും ലക്ഷ്യമിടുന്നു.

പുതിയ ചാനൽ യാഥാർഥ്യമാകുന്നതോടെ ദേശീയ വാർത്താ മാധ്യമരംഗത്ത് റിപ്പോർട്ടറിന്റെ സാന്നിധ്യം കൂടുതൽ ശക്തമാകും. പ്രമുഖ മാധ്യമപ്രവർത്തകരുടെ സാന്നിധ്യവും വിപുലമായ സ്റ്റുഡിയോ സംവിധാനങ്ങളും ഒരുങ്ങുന്നതോടെ ഇംഗ്ലീഷ് വാർത്താ രംഗത്ത് പുതിയ മത്സരം സൃഷ്ടിക്കുമോ എന്ന ആകാംക്ഷയിലാണ് മാധ്യമലോകം.

മറുപടി രേഖപ്പെടുത്തുക