പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ എതിരാളികളെ ‘ദിമാഗി നക്സലുകൾ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. മോദി കടുത്ത മാനസിക അസ്വസ്ഥതയിലും നിരാശയിലുമാണെന്നും സഞ്ചിയെടുത്ത് മടങ്ങാനുള്ള സമയം അടുത്തെത്തിയെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സായുധ മാവോയിസ്റ്റുകളെ ഇല്ലാതാക്കിയെങ്കിലും ‘ദിമാഗി നക്സലുകൾ’ വിവിധ രാഷ്ട്രീയ പാർട്ടികളിലും സംഘടനകളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നായിരുന്നു മോദിയുടെ ആരോപണം. ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ ഇളക്കിവിടുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഛത്തീസ്ഗഡിലെ ബസ്തറിൽ സിആർപിഎഫ് ക്യാമ്പിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. സൈനിക യൂണിഫോം ധരിച്ചായിരുന്നു മോദി ചടങ്ങിൽ പങ്കെടുത്തത്.
ദീപാവലി ദിനത്തിൽ പോലും രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്ന പതിവ് മോദി അവസാനിപ്പിച്ചില്ലെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. രാഷ്ട്രീയേതരമായ ഗൗരവമേറിയ ചടങ്ങിൽ സുരക്ഷാസേനയുടെ യൂണിഫോം ധരിച്ചുകൊണ്ട് രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചത് സ്ഥാപനപരമായ മര്യാദകളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് വിഷയത്തിലെ മോദിയുടെ മുൻ നിലപാടുകളും ജയറാം രമേശ് ചൂണ്ടിക്കാട്ടി. ജാതി സെൻസസ് ആവശ്യപ്പെട്ടവരെ 2024 ഏപ്രിൽ 28ന് ‘അർബൻ നക്സലുകൾ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, പിന്നീട് 2025 ഏപ്രിൽ 30ന് 2027ലെ സെൻസസിന്റെ ഭാഗമായി ജാതി സെൻസസ് നടത്തുമെന്ന് പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു.
