നിങ്ങൾ ആരെങ്കിലും നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ പിണറായി വിജയനെ അടിക്കുമായിരുന്നു; പൂഞ്ഞാർ എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശവുമായി പൂഞ്ഞാർ എംഎൽഎ എം.ജെ. സെബാസ്റ്റ്യൻ. പാലായിൽ നടന്ന പൊതുപരിപാടിയിലാണ് പിണറായി വിജയനെ നിയമസഭയിൽവച്ച് മർദിക്കുമായിരുന്നുവെന്ന തരത്തിലുള്ള പരാമർശം എംഎൽഎ നടത്തിയത്. ജലനിധി കുടിവെള്ള പദ്ധതിയിൽ വൻ അഴിമതി നടന്നതായും അദ്ദേഹം ആരോപിച്ചു.

“നിങ്ങളാരെങ്കിലും നിയമസഭയിൽ അംഗമായിരുന്നെങ്കിൽ അവിടെ ഇരിക്കുന്ന പിണറായി വിജയന്റെ അടുത്തുചെന്ന് അടിക്കുമായിരുന്നു. അതാണ് ചെയ്തുവച്ചിരിക്കുന്നത്. വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളാണ് നടന്നത്,” എന്നായിരുന്നു എം.ജെ. സെബാസ്റ്റ്യന്റെ വാക്കുകൾ. ജലനിധി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്ക് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

44,000 കോടി രൂപയുടേതെന്ന് വിശേഷിപ്പിച്ച ജലനിധി പദ്ധതിയിൽ ഏകദേശം 420 പ്രോജക്ടുകളുണ്ടെന്നാണ് എംഎൽഎയുടെ വിശദീകരണം. പാലാ, പൂഞ്ഞാർ മേഖലകളിലെ 13 പഞ്ചായത്തുകൾ ഉൾപ്പെടുന്ന പദ്ധതിയാണ് ഇതിൽ ഏറ്റവും വലുതെന്നും അദ്ദേഹം അവകാശപ്പെട്ടു. 67 ടാങ്കുകൾ നിർമിക്കാനാണ് പദ്ധതിയിട്ടതെന്നും ഇതിൽ ചിലത് 45 ലക്ഷം, 35 ലക്ഷം ലിറ്റർ ശേഷിയുള്ളവയാണെന്നും അദ്ദേഹം പറഞ്ഞു.

35 സപ്ലൈ ടാങ്കുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് പൈപ്പുകൾ വാങ്ങിയതായും എംഎൽഎ ആരോപിച്ചു. 600 മില്ലിമീറ്റർ വ്യാസമുള്ള പൈപ്പുകളിലൂടെ വെള്ളം പമ്പ് ചെയ്യാൻ ആവശ്യമായ മോട്ടോറോ പമ്പോ ഇന്ത്യയിൽ ലഭ്യമല്ലെന്നാണ് ഒരു കരാറുകാരൻ തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ എസ്റ്റിമേറ്റും നിർവഹണത്തിലെ അപാകതകളും പരിശോധിക്കണമെന്നും എം.ജെ. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക