തെളിവുണ്ടെങ്കിൽ ഫോൺ പൊലീസിന് കൈമാറട്ടെ; ഫോൺ ചോർത്തൽ ആരോപണത്തിൽ രാഹുലിനെതിരെ ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഫോൺ ചോർത്തുന്നുവെന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തെളിവുകളില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഉന്നയിക്കുന്നതെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു. പ്രധാനമന്ത്രിയുമായി ചർച്ചയ്ക്ക് താൽപര്യം പ്രകടിപ്പിക്കുന്നതിനൊപ്പം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഹുലിന്റെ ഇരട്ടത്താപ്പാണെന്നും അവർ കുറ്റപ്പെടുത്തി.

മോദിയുമായി നടത്താനിരിക്കുന്ന ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ ഏതൊക്കെയാണെന്ന് നിർദേശിക്കാൻ രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിലൂടെ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രി തന്റെ ഫോൺ ചോർത്തുന്നുവെന്ന് രാഹുൽ ആരോപിച്ചത്. പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുകയായിരുന്നു.

കേന്ദ്രമന്ത്രി ബി.എൽ. വർമ്മ രാഹുലിന്റെ ആരോപണങ്ങളെ തള്ളിക്കളഞ്ഞു. തെളിവുകളില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും പാർലമെന്റിൽ ചർച്ചകൾ നേരിടാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നും രാജ്യത്തെ ജനങ്ങൾ എല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും വർമ്മ പറഞ്ഞു.

വാർത്തകളിൽ ഇടം നേടാനാണ് രാഹുൽ ഗാന്ധി ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് ബിജെപി ദേശീയ വക്താവ് ആർ.പി. സിംഗ് ആരോപിച്ചു. ഫോൺ ചോർത്തുന്നുണ്ടെങ്കിൽ അന്വേഷണത്തിനായി അത് പൊലീസിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപും സമാനമായ ആരോപണങ്ങൾ ഉന്നയിച്ച രാഹുൽ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ആർ.പി. സിംഗ് പറഞ്ഞു. രാഹുലിന്റെ ചിന്തകൾ ചില വിദേശികൾ ഹാക്ക് ചെയ്തിട്ടുണ്ടെന്ന പരിഹാസവുമായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും രംഗത്തെത്തി.

അതേസമയം, രാഹുൽ ഗാന്ധിയുടെ ആരോപണത്തെ കോൺഗ്രസ് നേതാക്കൾ പിന്തുണച്ചു. പ്രതിപക്ഷ നേതാവിന് തന്റെ ഫോൺ ചോർത്തപ്പെടുന്നുവെന്ന് പരസ്യമായി പറയേണ്ടിവരുന്നത് ഗൗരവമുള്ള കാര്യമാണെന്ന് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്ഗർഹി പ്രതികരിച്ചു. രാഹുൽ ഉത്തരവാദിത്തത്തോടെയാണ് സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വാക്കുകൾ ഗൗരവമായി കാണണമെന്നും മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു. രാഹുലിന്റെ പരാമർശങ്ങൾ ബിജെപി നേതൃത്വത്തിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് എംപി ഇമ്രാൻ മസൂദിന്റെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക