ഗാസയിലെ ദുരിതബാധിതർക്ക് 8.9 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഡെൻമാർക്ക്

ഗാസയിലെ വെള്ളപ്പൊക്കത്തിലും കടുത്ത ശൈത്യകാലത്തും ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് 8.9 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഡെൻമാർക്ക്. ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എയിലേക്കാണ് തുക കൈമാറുക. യു.എൻ മാനുഷിക സഹായ ഫണ്ടായ ഒ.സി.എച്ച്.എയ്ക്കും 5.9 മില്യൺ ഡോളർ നൽകുമെന്ന് ഡെൻമാർക്ക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

കടുത്ത ശൈത്യകാലം ഫലസ്തീനിലെ മാനുഷിക പ്രതിസന്ധി രൂക്ഷമാക്കുകയാണെന്നും ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കണമെന്നും ഡെൻമാർക്ക് വിദേശകാര്യ മന്ത്രി ലാർസ് ലോക് റാസ്മുസെൻ പറഞ്ഞു.

കനത്ത മഴയിലും കൊടുങ്കാറ്റിലും ഗസയിലെ അഭയാർഥി ക്യാമ്പുകളിൽ വെള്ളം കയറിയതോടെ 70,000ത്തിലധികം ടെന്റുകൾ നശിച്ചതായാണ് റിപ്പോർട്ടുകൾ. ശൈത്യകാലത്തിന് മുന്നോടിയായി ഗസയിലെ 19.8 ലക്ഷം പേർക്ക് പാർപ്പിടവും മറ്റ് അവശ്യസഹായങ്ങളും ആവശ്യമാണെന്ന് യു.എൻ.ആർ.ഡബ്ല്യു.എയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ആയിരക്കണക്കിന് ടെന്റുകൾ അതിർത്തിയിൽ എത്തിയിട്ടും ഇസ്രയേൽ സൈന്യം അവ ഗസയിലേക്ക് കടത്തിവിടുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ടെന്റുകളുടെ അഭാവത്തിൽ ലക്ഷക്കണക്കിന് ആളുകൾ തുറസ്സായ സ്ഥലങ്ങളിൽ കഴിയുകയാണെന്നും ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക