തമിഴ്നാട്ടിലെ ക്രമസമാധാന നില സംബന്ധിച്ച ആശങ്കകൾക്കിടെ അടുത്ത ആറുമാസത്തിനുള്ളിൽ 10,000 പൊലീസുകാരെ നിയമിക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു. ജയിലുകളിൽനിന്ന് തടവുകാർ രക്ഷപ്പെട്ടതും ദീപാവലി ദിനത്തിൽ ഒരുദിവസം 11 കൊലപാതകങ്ങൾ നടന്നതും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ വിമർശനം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്താൻ വ്യാഴാഴ്ച മുഖ്യമന്ത്രി ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ വിവിധ കൊലപാതക കേസുകളുടെ പശ്ചാത്തലവും പൊലീസ് സ്വീകരിച്ച നടപടികളും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഈ ആഴ്ച മുഖ്യമന്ത്രി വിളിച്ചുചേർത്ത മൂന്നാമത്തെ അവലോകന യോഗമായിരുന്നു ഇത്.
വിജയ് സർക്കാർ അധികാരമേറ്റശേഷം ക്രിമിനൽ പശ്ചാത്തലമുള്ള 19,000 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായി മന്ത്രി നിർമ്മൽ കുമാർ പറഞ്ഞു. പൊലീസ് സേനയിലെ അംഗബലക്കുറവ് പരിഹരിക്കാൻ 10,000 മുതൽ 15,000 വരെ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
