മോദി സ്നേഹനിധിയും കഠിനാധ്വാനിയും; ഉള്ളത് വ്യക്തിപരമായ സൗഹൃദം മാത്രം; കോൺഗ്രസ് വിടില്ലെന്ന് സാം പിട്രോഡ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് പൂർണമായും വിയോജിപ്പാണെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ. മോദിയെ ഗുജറാത്തി സുഹൃത്തെന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം സ്നേഹനിധിയും കഠിനാധ്വാനിയുമാണെന്ന് പറയുകയും ചെയ്തതിനു പിന്നാലെയാണ് പിട്രോഡയുടെ വിശദീകരണം.

പിട്രോഡയുടെ പരാമർശങ്ങൾക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമമായ എക്സിലൂടെ പ്രതികരിച്ചിരുന്നു. സാം പിട്രോഡയ്ക്കും ഭാര്യ അഞ്ജന ബെന്നിനും ദീപാവലി, ഗുജറാത്തി പുതുവത്സര ആശംസകൾ നേരുകയും ചെയ്തു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള കടുത്ത രാഷ്ട്രീയ പോരാട്ടത്തിനിടെ ഇരുവരുടെയും ആശയവിനിമയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാവുകയും ചെയ്തു.

എന്നാൽ സംഭവത്തിൽ ഇത്രയധികം വിവാദമുണ്ടാകുന്നത് എന്തിനാണെന്ന് പിട്രോഡ ചോദിച്ചു. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുതന്നെ മോദിയുമായി പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിട്ടുണ്ടെന്നും എൻഡിടിവിക്ക് നൽകിയ പ്രതികരണത്തിൽ പിട്രോഡ വ്യക്തമാക്കി. മോദിയുമായുള്ളത് വ്യക്തിപരമായ ബന്ധം മാത്രമാണെന്നും അത് കോൺഗ്രസുമായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മോദിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങളും പിട്രോഡ തള്ളി. കോൺഗ്രസിന്റെ ആശയങ്ങളിലും തത്വങ്ങളിലും താൻ ഉറച്ചുനിൽക്കുകയാണെന്നും പാർട്ടി വിടാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിപരമായ ബന്ധങ്ങളും രാഷ്ട്രീയ നിലപാടുകളും രണ്ടായി കാണണമെന്നും പിട്രോഡ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക