സൗദി അറേബ്യ തകർച്ചയിൽ; ഇറാനെതിരായ ആക്രമണം തടഞ്ഞത് അറബ് രാജ്യങ്ങൾ: ട്രംപ്

അമേരിക്കയുടെ അടുത്ത സഖ്യകക്ഷികളിലൊന്നായ സൗദി അറേബ്യ തകർച്ചയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ടെലിവിഷൻ അവതാരകൻ സ്റ്റീഫൻ എ. സ്മിത്തുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ വിവാദ പരാമർശം. യെമനിലെ ഹൂത്തികളുടെ ആക്രമണ ഭീഷണി നേരിടുന്ന സൗദിയെ പ്രകോപിപ്പിക്കാൻ സാധ്യതയുള്ളതാണ് പ്രസ്താവനയെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

ഇറാനെതിരായ സൈനിക ആക്രമണം കൂടുതൽ ശക്തമാക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിച്ചത് സൗദി ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളാണെന്നും ട്രംപ് അവകാശപ്പെട്ടു. അവരുടെ അഭ്യർഥന ഉണ്ടായിരുന്നില്ലെങ്കിൽ ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഊർജമേഖലയും പാലങ്ങളും ഉൽപ്പാദന കേന്ദ്രങ്ങളും തകർക്കാൻ മൂന്ന് ദിവസം മതിയാകുമെന്നും ട്രംപ് അവകാശപ്പെട്ടു.

സൗദി അറേബ്യ തകർച്ചയിലാണെന്നും നിലവിലെ സാഹചര്യം കുറച്ചുകാലം കൂടി തുടരാൻ അനുവദിക്കണമെന്ന് രാജ്യം തന്നോട് അഭ്യർഥിച്ചിട്ടുണ്ടെന്നുമാണ് ട്രംപിന്റെ മറ്റൊരു വാദം. അതേസമയം, സൗദിയിലെ വിമാനത്താവളങ്ങൾ, ഊർജകേന്ദ്രങ്ങൾ, നഗരങ്ങൾ എന്നിവയ്ക്കുനേരെ ഹൂത്തികൾ നടത്തിയ ആക്രമണങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങളെയും ഊർജ കയറ്റുമതിയെയും ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ ട്രില്യൺ കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്ക സംരക്ഷിക്കേണ്ട രാജ്യങ്ങളാണ് ഗൾഫ് രാഷ്ട്രങ്ങളെന്നും നിലവിലെ സാഹചര്യത്തിൽ താൻ സ്വീകരിക്കുന്ന സമീപനത്തോടെയാണ് അവ മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക