കെപിസിസി ഭാരവാഹി യോഗത്തിൽ തനിക്കെതിരെ രൂക്ഷവിമർശനം ഉയർന്നെന്ന വാർത്തകളോട് പ്രതികരിച്ച് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പുറത്തുവന്ന് ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും തനിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് നേരിട്ട് മുഖത്തുനോക്കി പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണത്തവും പൗരത്വവുമുണ്ടെങ്കിൽ വിമർശനങ്ങൾ പരസ്യമായി ഉന്നയിക്കുകയാണ് വേണ്ടതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രഹസ്യമായി പറയുന്ന കാര്യങ്ങളോട് താൻ എങ്ങനെയാണ് പ്രതികരിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
1968 മുതൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന താൻ കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളാണെന്നും തന്നെ നിയന്ത്രിക്കാൻ ശേഷിയുള്ള ആരും പാർട്ടിയിലുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വിമർശനമുന്നയിക്കാൻ വരുന്നവർക്ക് മറുപടി നൽകാൻ തനിക്കറിയാമെന്നും ആരുടെയും വക്കാലത്ത് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ രാഷ്ട്രീയ പ്രവർത്തനം സുതാര്യവും നീതിപൂർവവും സ്വതന്ത്രവുമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ അവകാശപ്പെട്ടു. ഏഴ് വർഷമായി കാസർകോട് എംപിയായ താൻ ഒരു തുള്ളി ഡീസൽ പോലും മറ്റാരുടെയെങ്കിലും സൗജന്യത്തിൽ അടിച്ചിട്ടുണ്ടെന്ന് തെളിയിച്ചാൽ എംപി സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ആരിൽ നിന്നെങ്കിലും ഒരു രൂപ പിരിച്ചെടുത്തെന്നോ ജോലി വാങ്ങിനൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നോ തെളിയിച്ചാലും ഉടൻ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട്ടെ ജനങ്ങൾക്ക് തന്റെ രാഷ്ട്രീയ പ്രവർത്തനത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസർകോടാണ് തന്റെ പ്രധാന രാഷ്ട്രീയ പ്രവർത്തനമേഖലയെന്നും പാർലമെന്റ് സമ്മേളനങ്ങൾക്കായി ഡൽഹിയിലേക്കും പാർട്ടി യോഗങ്ങൾക്കായി തിരുവനന്തപുരത്തേക്കും പോകുന്നതല്ലാതെ മറ്റിടങ്ങളിൽ സമയം ചെലവഴിക്കാറില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
കെപിസിസി ഭാരവാഹി യോഗത്തിൽ ഉയർന്നതായി പറയപ്പെടുന്ന വിമർശനങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കാൻ തയ്യാറാകാതിരുന്ന അദ്ദേഹം, ആരോപണങ്ങൾ ഉന്നയിക്കാനുള്ളവർ അത് നേരിട്ട് പറയണമെന്ന നിലപാടാണ് ആവർത്തിച്ചത്.
